‘ന്യൂബ്രൂ’; സിംഗപ്പൂരില്‍ ശൗചാലയ വെള്ളം ശുദ്ധീകരിച്ച് ബിയര്‍ നിര്‍മ്മാണം

സിങ്കപുര്‍ സിറ്റി: സിങ്കപ്പൂരിലെ വിപണിയിലെത്തിയ പുതിയ ബിയര്‍ ബ്രാന്‍ഡായ ‘ന്യൂബ്രൂ’ നിര്‍മ്മിക്കുന്നത് ശൗചാലയത്തില്‍ നിന്നടക്കമുള്ള മലിനജലം ശുദ്ധീകരിച്ച്. സിങ്കപ്പൂര്‍ ദേശീയ ജല അതോറിറ്റിയായ പബും ബ്രിവെര്‍ക്‌സ് എന്ന മദ്യനിര്‍മാണ കമ്പനിയും ചേര്‍ന്നാണ് മലിനജലം ശുദ്ധീകരിച്ചുള്ള പുതിയ ബിയര്‍ പുറത്തിറക്കിയിരിക്കുന്നത്.

‘ഇത് ശൗചാലയ വെള്ളം കൊണ്ട് നിര്‍മിച്ചതാണെന്ന് ഞാന്‍ ഗൗരവമായി കണക്കാക്കുന്നില്ല’ ബിയര്‍ വാങ്ങി രുചിച്ച ശേഷം 58-കാരനായ ച്യൂ വെയ് ലിയാന്‍ പറഞ്ഞു.’തണുപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കത് ഒരു പ്രശ്‌നമല്ല. എല്ലാ ബിയറും പോലെയാണ് എനിക്കിതും’ ച്യൂ വെയ് ലിയാന്‍ പറഞ്ഞു. ശൗചലായ വെള്ളമടക്കമുള്ള മലിനജലത്തില്‍ നിന്നും വേര്‍തിരിച്ച് കുടിവെള്ളം നിര്‍മിക്കുന്ന ന്യുവാട്ടര്‍ ബ്രാന്‍ഡിന്റെ വെള്ളം ഉപയോഗിച്ചാണ് ന്യൂബ്രൂ ബിയര്‍ നിര്‍മിക്കുന്നത്. ന്യൂബ്രൂവിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന 95 ശതമാനം വെള്ളവും ന്യൂവാട്ടറാണ്.

2018-ല്‍ നടന്ന ജല കോണ്‍ഫറന്‍സിലാണ് പുതിയ സംരംഭം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഈ വര്‍ഷം ഏപ്രിലിലോടെ സിങ്കപ്പൂരിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ബ്രിവെര്‍ക്‌സിന്റെ ഔട്ട്‌ലെറ്റുകളിലും ന്യൂബ്രൂ വില്‍പനക്കെത്തുകയും ചെയ്തു.