നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഭരിക്കും; കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ആർഎസ്എസിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആർഎസ്എസിന്റെ കയ്യിൽ കളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർഎസ്എസിന്റെ എൻജിഒയിൽ ജോലി കൊടുത്തത് തന്നെ ദുരൂഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി നേതാക്കളിലേക്ക് എത്തിയപ്പോഴാണ് സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിച്ചത്. മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്ന പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം. എന്തൊക്കെ പ്രചാരവേലയാണ് നടത്തുന്നത്. ഇത് രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതാണ്. കേരളത്തിലെ കുത്തക മാധ്യമങ്ങൾ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുന്നതിന് എതിരായിരുന്നു. അതിനവർ എല്ലാ പണിയും എടുത്തു. ഇപ്പോൾ ഈ സർക്കാരിനെ പുറത്താക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ട് കൊല്ലം മുമ്പാണ് സ്വർണം കടത്തിയ സംഭവം ഉണ്ടായത്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കേരളം തന്നെ പറഞ്ഞു. പക്ഷേ സ്വർണം അയച്ച ആളെയും കിട്ടിയ ആളെയും പിടിക്കാനായില്ല. ബിജെപി നേതാക്കളിലേക്ക് എത്തിയപ്പോൾ സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിച്ചു. സ്വപ്നാ സുരേഷിനെതിരെയും അദ്ദേഹം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

ആ സ്ത്രീ മൊഴി മാറ്റി മാറ്റിപ്പറയുകയാണ്. ഇപ്പോഴവർ സർക്കാരിനെതിരാണ്. സ്വപ്ന ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ കളിപ്പാവയാണ്. ഓരോ വിളിച്ചുപറയലുകളും അതിന്റെ പേരിലാണ്. സ്വർണം ഈന്തപ്പഴത്തിൽ കടത്തിയെന്നാണ് ആദ്യം പറഞ്ഞത്. പക്ഷേ ഒന്നും കിട്ടിയില്ല. പിന്നെ ഖുറാനിൽ കടത്തിയെന്ന് പറഞ്ഞു. ഇപ്പോൾ ബിരിയാണി ചെമ്പിലാണ് സ്വർണം കടത്തിയത് എന്നാണ് പറയുന്നത്. ഇങ്ങനെയുള്ള സാധനം ബിരിയാണി ചെമ്പിൽ കൊടുക്കേണ്ടതുണ്ടോ എന്ന് കോടിയേരി പരിഹസിച്ചു. സമരം ചെയ്ത് എൽഡിഎഫിനെ താഴെ ഇറക്കാമെന്നാണോ യുഡിഎഫും ബിജെപിയും വിചാരിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

നിയമസഭയിൽ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം എൽഡിഎഫ് സർക്കാർ ഭരിക്കും. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളിൽ വസ്തുതയുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടുപിടിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.