സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും നിയന്ത്രണം; സെക്രട്ടേറിയേറ്റില്‍ പ്രവേശിക്കണമെങ്കില്‍ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് സെക്രട്ടേറിയേറ്റില്‍ പ്രവേശിക്കുന്നതിന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര വകുപ്പ് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്‍പ്പടെ സെക്രട്ടേറിയേറ്റില്‍ പ്രവേശിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, സ്വപ്‌ന സുരേഷും മറ്റ് സ്വര്‍ണക്കടത്ത് പ്രതികളും നിരന്തരം സെക്രട്ടേറിയേറ്റിലെത്തിയത് സര്‍ക്കാരിന് തിരിച്ചടിയായതാടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ച സര്‍ക്കാര്‍ ഏതാവശ്യത്തിന് വരുന്നുവെന്ന് മുന്‍കൂട്ടി വ്യക്തമാക്കിയ ശേഷം മാത്രം സന്ദര്‍ശകരെ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ഉത്തരവിറക്കുകയായിരുന്നു. സെക്രട്ടേറിയേറ്റിലെത്തുന്ന സന്ദര്‍ശകരുടെ ഉത്തരവാദിത്വം പ്രവേശനത്തിന് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥനായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നത്.

അതേസമയം, ഇനി മുതല്‍ ആഭ്യന്തരവകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ മാത്രമെ ഐ എ എസ്, ഐ പി എസ് ഉദ്യോഗസഥര്‍ക്കും അകത്തേക്ക് പ്രവേശനമുള്ളു. വിരമിച്ചവര്‍ക്കും ഇത് ബാധകമാണെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.