കെപിസിസി നേതൃത്വത്തിന് തിരിച്ചടി; പുനസംഘടനാ പട്ടിക തിരിച്ചയച്ച് റിട്ടേണിംഗ് ഓഫീസര്‍

തിരുവനന്തപുരം: ചെറുപ്പക്കാരില്ല, വനിതകള്‍ക്ക് പ്രാതിനിധ്യമില്ല, പട്ടികജാതി സംവരണം വേണമെന്ന നിബന്ധന പാലിച്ചില്ലെന്നതടക്കം ഗുരുതര ആരോപണമുന്നയിച്ച് കെപിസിസി അംഗങ്ങളുടെ പുനഃസംഘടനാ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പരമേശ്വര തിരിച്ചയച്ചു. അഞ്ച് വര്‍ഷം ഒരു ഭാരവാഹി സ്ഥാനത്ത് തുടരരുതെന്ന ഉദയ്പൂര്‍ ചിന്തന്‍ശിബിര്‍ തീരുമാനം സംസ്ഥാനം അട്ടിമറിച്ചുവെന്നും റിട്ടേണിംഗ് ഓഫീസറുടെ കുറിപ്പില്‍ ആരോപിക്കുന്നു.

ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ട് എന്ന കണക്കില്‍ 280 കെപിസിസി അംഗപട്ടികയാണ് തയ്യാറാക്കിയത്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ഒരു പദവിയില്‍ പാടില്ലെന്നാണ് നിര്‍ദ്ദേശമെങ്കിലും പത്തും പതിനഞ്ചും വര്‍ഷം പദവികളിരുന്നവരെ കെപിസിസി അംഗമായി പരിഗണിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയവര്‍ക്കും മരിച്ചവര്‍ക്കും പകരമുള്ളവരെ മാത്രമാണ് തിരഞ്ഞെടുപ്പ്. വനിത, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 50 ശതമാനം ബാക്കി അന്‍പത് ശതമാനത്തില്‍ 25 ശതമാനം അന്‍പത് വയസില്‍ താഴെയുള്ളവര്‍ക്ക്. എന്നാല്‍, വനിതകളായി പട്ടികയിലുള്ളത് ബിന്ദു കൃഷ്ണയും ദീപ്തി മേരി വര്‍ഗീസും ആലിപ്പറ്റ ജമീലയും മാത്രം.

അതേസമയം, 280 പേരില്‍ പുതുതായി പരിഗണിക്കുന്നത് 44 പേരെ മാത്രം. അതില്‍ യുവാക്കളും കുറവ്. മെമ്പര്‍ഷിപ്പ് ചേര്‍ക്കാന്‍ പോലും കളത്തില്‍ എത്താത്തവര്‍ പട്ടികയിലുണ്ടെന്നും ആക്ഷേപമുണ്ട്. മെമ്പര്‍ഷിപ്പ് ചേര്‍ത്തവര്‍ക്ക് വലിയ പരിഗണനയെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ പറഞ്ഞത്. എന്നാല്‍, അതും നടന്നില്ല. വി.ഡി സതീശന്‍ കെ.സുധാകരന്‍ സഖ്യവുമായി അകന്നു നിന്നിരുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാകട്ടെ കെപിസിസി അംഗങ്ങളുടെ തിരഞ്ഞെടുപ്പെത്തിയപ്പോള്‍ പുതിയ നേതൃത്വവുമായി സഹകരിക്കാന്‍ തീരുമാനിച്ചു. ടി.എന്‍ പ്രതാപന്‍ എം.പിയും പട്ടികക്കെതിരെ പരാതി നല്‍കിയതോടെയാണ് പുനഃപരിശോധന വേണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ വ്യക്തമാക്കുകയും പട്ടിക തള്ളുകയും ചെയ്തത്.