ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ്; വിശദീകരണ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രതിപക്ഷ ആക്രമണങ്ങളെയും സ്വര്‍ണക്കടത്ത് ആരോപണങ്ങളെയും പ്രതിരോധിക്കാന്‍ ഇടതുമുന്നണിയുടെ മഹാറാലികള്‍ക്കും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്കും ഇന്ന് തിരുവനന്തപുരത്ത് തുടക്കം. പുത്തിരിക്കണ്ടം മൈതാനത്ത് വൈകീട്ട് നാല് മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്നണിയുടെ നിലപാടുകള്‍ വിശദീകരിക്കും.

മുഖ്യമന്ത്രിക്കെതിരായാണ് ആരോപണമെന്നതിനാല്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. വിമാനത്തില്‍ വച്ച് മുഖ്യമന്ത്രിക്കെതിരായ ആക്രമണ ശ്രമം ആയുധമാക്കി പ്രതിപക്ഷത്തിനെതിരായ കടന്നാക്രമണമാണ് ഇടത് മുന്നണി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിക്ക് പിന്തുണയുമായി പടുകൂറ്റന്‍ റാലിയാണ് എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്.

അതേസമയം, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് വലിയ വിശ്വാസ്യത ഒന്നും കിട്ടിയിട്ടില്ലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തുന്നത്. മുഖ്യഘടകക്ഷികളെ കൂടാതെ മുന്നണിയുമായി സഹകരിക്കുന്ന മറ്റ് പാര്‍ട്ടികളും രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ പങ്കെടുക്കും.