ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധം കനപ്പിക്കാൻ കോൺഗ്രസ്. ചൊവ്വാഴ്ച്ച എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധിക്കും. കേരളത്തിലെ കോൺഗ്രസ് എംഎൽഎമാരോടും ഡൽഹിയിൽ എത്താൻ ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കെപിസിസിയുടെ നേതൃത്വത്തിൽ ജൂൺ 24, 25 തീയതികളിൽ കോഴിക്കോട് നടത്താനിരുന്ന ചിന്തിൻ ശിബിരം മാറ്റിവച്ചു. കെപിസിസി ജനറൽ സെക്രട്ടറി റ്റി യു രാധാകൃഷ്ണൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിച്ചു.
അതേസമയം, നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ചൊവ്വാഴ്ച്ചയും ചോദ്യം ചെയ്യും. അഞ്ചാമത്തെ ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച്ചയും രാഹുലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. നാഷണൽ പെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സോണിയയോട് എൻഫോഴ്സ്മെന്റ് നിർദ്ദേശിച്ചിട്ടുണ്ട്. ജൂൺ 8 ന് ഹാജരാകമെന്നായിരുന്നു സോണിയ ഗാന്ധിയോട് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സോണിയ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടിയിരുന്നു.

