വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്ര സർക്കാർ; 28,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്ര സർക്കാർ. കർണാടകയിൽ 28,000 കോടി രൂപയുടെ റെയിൽ, റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) യിൽ മസ്തിഷ്‌ക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

ബംഗളൂരുവിലെ ഡോ ബി ആർ അംബേദ്കർ സ്‌കൂൾ ഓഫ് ഇക്കണോമിക്സ് സർവ്വകലാശാലയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടനവും അംബേദ്കറുടെ പ്രതിമയുടെ അനാച്ഛാദനവും പ്രധാനമന്ത്രി നിർവഹിച്ചു. കർണാടകയിലെ വ്യാവസായിക പരിശീലന സ്ഥാപനങ്ങളെ രൂപാന്തരപ്പെടുത്തി വികസിപ്പിച്ച 150 സാങ്കേതിക ഹബ്ബുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മറ്റ് നിരവധി പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിച്ചു.

ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയ്ക്കും തുടക്കമായി. ബെംഗളൂരു കന്റോൺമെന്റിന്റേയും യശ്വന്ത്പൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷന്റേയും പുനർവികസനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യ എയർ കണ്ടീഷൻഡ് റെയിൽവേ സ്റ്റേഷൻ ബെയപ്പനഹള്ളിയിലെ സർ എം.വിശ്വേശ്വരയ്യ സ്റ്റേഷൻ, 100 ശതമാനം വൈദ്യുതീകരണം പൂർത്തിയാക്കിയ രോഹ (മഹാരാഷ്ട്ര) മുതൽ തോക്കൂർ (കർണാടക) വരെയുള്ള കൊങ്കൺ റെയിൽവേ പാത, അർസികെരെ മുതൽ തുംകുരു വരെയും, യെലഹങ്ക മുതൽ പെനുകൊണ്ട വരെയുമുള്ള പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ തുടങ്ങിയവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.