ലഡാക്ക്: യോഗ ദിനത്തിൽ ഇന്ത്യ ചൈന അതിർത്തിയിൽ യോഗാഭ്യാസം നടത്തുന്ന ഐടിബിപി ജവാൻമാരുടെ വീഡിയോ വൈറലാകുന്നു. ഓക്‌സിജൻ കുറവുള്ള 17,000 അടി ഉയരമുള്ള സ്ഥലത്ത് നിന്നാണ് ഐടിബിപി ഉദ്യോഗസ്ഥർ യോഗാഭ്യാസം നടത്തിയത്. എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അസാം എന്നിവിടങ്ങളിലെ ഇന്ത്യ ചൈന അതിർത്തികളിൽ ഐടിബിപി ജവാന്മാർ യോഗാഭ്യാസം നടത്തി.
വടക്ക് ലഡാക്ക് മുതൽ കിഴക്ക് സിക്കിം വരെ ഐടിബിപി ജവാൻമാർ യോഗ പരിശീലിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 2015 മുതലാണ് ജൂൺ 21 ന് ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ യോഗ ചെയ്തത് മൈസൂരുവിലെ പാലസ് ഗ്രൗണ്ടിലാണ്. 15,000 പേർ ഇവിടെ പ്രധാനമന്ത്രിക്കൊപ്പം യോഗയിൽ പങ്കെടുത്തു. യോഗ ലോകത്തിന്റെ ഉത്സവമാണെന്ന് പധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന് സമാധാനം നൽകുന്നുവെന്നും കോവിഡ് കാലത്തെ മറികടക്കാൻ സഹായകമായെന്നും അദ്ദേഹം വ്യക്തമാക്കി.

