രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി ഗോപാല്‍കൃഷ്ണ ഗാന്ധി എത്തിയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായി ഗോപാല്‍കൃഷ്ണ ഗാന്ധി വന്നേക്കുമെന്ന് സൂചന. സമവായം ഉണ്ടെങ്കില്‍ മത്സരിക്കാം എന്ന രീതിയിലാണ് ഗോപാല്‍കൃഷ്ണ ഗാന്ധി ശരത് പവാറിന് മറുപടി നല്‍കിയത്.

രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷം പരിഗണിച്ചിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജമ്മു കാശ്മീര്‍ മോശം സാഹചര്യത്തിലൂടെ കടന്നുപോകുമ്‌ബോള്‍ തന്റെ സാന്നിദ്ധ്യം അവിടെ ആവശ്യമാണെന്നും പേര് നിര്‍ദേശിച്ച മമതാ ബാനര്‍ജിക്കും മുതിര്‍ന്ന നേതാക്കള്‍ക്കും നന്ദിയെന്നും ഫറൂഖ് അബ്ദുള്ള അറിയിച്ചു.

അതേസമയം, സമവായ സ്ഥാനാര്‍ത്ഥി എന്നതില്‍ ബിജെപിയില്‍ നിന്ന് അനുകൂല നീക്കം ഇല്ലാതിരുന്നതും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പവാറിന്റെ പിന്മാറ്റം. പകരം ഗുലാം നബി ആസാദിന്റെ പേരും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നവീന്‍ പട്‌നായിക്കിന്റെ പിന്തുണ ശരത് പവാര്‍ തേടിയിട്ടുണ്ട്. ശരത് പവാറിന്റെ പിന്മാറ്റത്തോടെ ഫറൂഖ് അബ്ദുള്ളയുടെയും ഗോപാല്‍കൃഷ്ണ ഗാന്ധിയുടെയും യശ്വന്ത് സിന്‍ഹയുടെയും പേരുകളായിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്നത്. ഫറൂഖ് അബ്ദുള്ള കൂടി പിന്‍വാങ്ങിയതോടെ ഗോപാല്‍കൃഷ്ണ ഗാന്ധിയിലേക്ക് പ്രതിപക്ഷം എത്തുകയായിരുന്നു.