ശമ്പള പ്രതിസന്ധി: കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന മുന്നറിയിപ്പുമായി സിഐടിയു

തിരുവനന്തപുരം: ശമ്പളം കൃത്യമായി ലഭിക്കാത്ത പക്ഷം കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സിഐടിയു മുന്നറിയിപ്പ് നല്‍കി. കടുത്ത സമരം വേണ്ടി വരുമെന്നാണ് സി ഐ ടി യു നിലപാട്. സിഐടിയുവിന്റെ സമരം 15-ാം ദിവസത്തിലേക്ക് കടന്ന വേളയില്‍ സമര ഭാഗമായി ഇന്ന് കെഎസ്ആര്‍ടിസി ആസ്ഥാന മന്ദിരം ജീവനക്കാര്‍ ഉപരോധിച്ചു. വനിതജീവനക്കാര്‍ അടക്കം 300ലേറെ ജീവനക്കാരാണ് സമരത്തിന്റെ ഭാഗമായത്. ഐഎന്‍ടിയുസിയും ചീഫ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.

അതേസമയം, ബിഎംഎസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ ഈ ആഴ്ചയോഗം ചേര്‍ന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ച പശ്ചാത്തലത്തില്‍ ഇരുപത്തിയേഴാം തിയ്യതി യൂണിയന്‍ നേതാക്കളെ വിശദമായ ചര്‍ച്ചയ്ക്ക് ഗതാഗത മന്ത്രി ആന്റണി രാജു ക്ഷണിച്ചിട്ടുണ്ട്. സ്ഥിരമായി ശമ്പളം കൊടുക്കുന്ന തരത്തില്‍ വ്യവസ്ഥയുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നാണ് സിഐടിയു വ്യക്തമാക്കിയത്.

ഡ്രൈവര്‍, കണ്ടക്ടര്‍. മെക്കാനിക്ക് തസ്തികയ്ക്ക് പുറമേയുള്ളവര്‍ക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നല്‍കിയിട്ടില്ല. ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്‌മെന്റ് അറിയിക്കുന്നത്.