രോഗാണു വാഹകരായ അനോഫെലിസ് കൊതുക് മനുഷ്യനെ കടിയ്ക്കുന്നതിലൂടെ പകരുന്ന രോഗമാണ് മലേറിയ. പ്ലാസ്മോഡിയം വിഭാഗത്തിൽപ്പെട്ട ഒരു ഏകകോശ പരാദമാണ് മലേറിയയ്ക്ക് കാരണം.
പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നത് മലേറിയയിലൂടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലേറിയ കാണാറുണ്ട്.
കൊതുകുകടി ഏൽക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുകയാണ് പ്രധാനം. മലേറിയയ്ക്ക് കാരണമാകുന്ന കൊതുകുകൾ ശുദ്ധ ജലത്തിൽ മുട്ടയിട്ട് വളരുന്നതിനാൽ വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.

