ഈ വർഷം അവസാനത്തോടെ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും; സൂചന നൽകി പ്രതിരോധ മന്ത്രി

ശ്രീനഗർ: ഈ വർഷം അവസാനത്തോടെ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് സൂചന നൽകി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജനാഥ് സിംഗ്. ജമ്മു കശ്മീരിൽ ദ്വിദിന സന്ദർശനത്തിന് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യത്തിൽ സൂചന നൽകിയത്.

കശ്മീരിലെ മണ്ഡലങ്ങൾ പുനർനിർണയിച്ചു കഴിഞ്ഞുവെന്നും ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടക്കാനുള്ള സാധ്യതകളാണ് പരിശോധിച്ചു വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണ്ണയത്തിന് ശേഷം 90 മണ്ഡലങ്ങളിലുള്ളതിൽ ജമ്മു മേഖലയിൽ 43 മണ്ഡലങ്ങളും കശ്മീർ മേഖലയിൽ 47 മണ്ഡലങ്ങളുമാണുള്ളതെന്നും അദ്ദേഹം അറിയിച്ചു.

കശ്മീർ സന്ദർശനത്തിനിടെ പാകിസ്താനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഇന്ത്യയിൽ വെറുപ്പിന്റെ വിത്ത് പാകാനാണ് പാക് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തപ്പോഴും പാകിസ്താനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷത്തെ അട്ടിമറിക്കാൻ എല്ലായ്‌പ്പോഴും പാകിസ്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയെ ആവർത്തിച്ച് മുറിവേൽപ്പിക്കുകയെന്നതും രക്തചൊരിച്ചിലുണ്ടാക്കുകയെന്നതും പാക് ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാൻ പാകിസ്താൻ കശ്മീരിനെ വേദിയാക്കുന്നത് ചരിത്രകാലം മുതലുള്ള സംഭവമാണ്. എന്നാൽ, രാജ്യത്തിന്റെ സുരക്ഷാ സേന ഏതൊരു സാഹചര്യത്തേയും നേരിടാൻ സജ്ജമാണെന്നും അക്കാര്യത്തിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.