അഗ്നിപഥ്; രാജ്യത്തെ 340 ട്രെയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചുവെന്ന് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: രാജ്യത്തെ 340 ട്രെയിൻ സർവീസുകളെ അഗ്നിപഥ് പ്രതിഷേധം ബാധിച്ചതായി ഇന്ത്യൻ റെയിൽവേ. 94 മെയിൽ എക്‌സ്പ്രസും 140 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. 65 മെയിൽ എക്‌സ്പ്രസും 30 പാസഞ്ചർ ട്രെയിനുകളും ഭാഗികമായി റദ്ദാക്കിയെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി.

11 മെയിൽ എക്‌സ്പ്രസുകൾ വഴി തിരിച്ചു വിടുകയും ചെയ്തു. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുകയാണ്. ബിഹാറിലും യുപിയിലും പ്രതിഷേധം കനക്കുന്നുണ്ട്. പലസ്ഥലത്തെയും റെയിൽവേ സ്റ്റേഷനുകളിൽ ആക്രമണം നടന്നിരുന്നു. ടയറുകൾ കത്തിച്ച് പാളത്തിൽ ഇട്ടതോടെ പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അതേസമയം, റെയിൽവെ വസ്തുവകകൾ ആക്രമിക്കരുതെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷണവ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

ബിഹാറിൽ പരക്കെ ആക്രമണങ്ങളാണ് അരങ്ങേറിയത്. ബിഹാർ ഉപമുഖ്യമന്ത്രി രേണു ദേവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്റെയും വീടിന് നേരെ ആക്രമണം നടത്തി. അലിഗഡിലെ ജട്ടാരിയയിൽ പോലീസ് സ്റ്റേഷനും പോലീസ് വാഹനത്തിനും പ്രതിഷേധക്കാർ തീവെച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബിഹാർ ഹരിയാന യുപി സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.