ട്രെയിനുകളും ബസുകളും കത്തിക്കുന്ന പ്രക്ഷോഭകരെയും ഗുണ്ടകളെയും റിക്രൂട്ട് ചെയ്യാൻ സേന ആഗ്രഹിക്കുന്നില്ല; മുൻ കരസേനാ മേധാവി

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിൽ വിമർശനവുമായി മുൻ കരസേനാ മേധാവി ജനറൽ വി പി മാലിക്. ട്രെയിനുകളും ബസുകളും കത്തിക്കുന്ന പ്രക്ഷോഭകരെയും ഗുണ്ടകളെയും റിക്രൂട്ട് ചെയ്യാൻ സേന ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു സന്നദ്ധ സേനയാണ് സായുധ സേന. ഇതൊരു ക്ഷേമ സംഘടനയല്ല. രാജ്യത്തിനു വേണ്ടി പോരാടാൻ കഴിയുന്ന, രാജ്യത്തെ സംരക്ഷിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ആളുകളാണ് അതിൽ ഉണ്ടാകേണ്ടത്. ഗുണ്ടായിസത്തിൽ ഏർപ്പെട്ടവരും ട്രെയിനുകളും ബസുകളും കത്തിക്കുന്നവരും സായുധ സേനയിൽ ഉണ്ടാകണമെന്നു തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മികവു തെളിയിക്കുന്നവർക്ക് പൊലീസ്, അർധസൈനിക വിഭാഗത്തിലേക്കു സ്ഥിരനിയമനം ഉറപ്പുനൽകിയതിനാൽ നാലുവർഷത്തിനുശേഷം തൊഴിലില്ലായ്മയെക്കുറിച്ചുള്ള ഭയം അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.