തിരുവനന്തപുരം: ഷാർജാ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഔദിന് ഡോക്ടറേറ്റ് നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ ശുപാർശ ഗവർണറെക്കൊണ്ട് അംഗീകാരം നൽകിപ്പിച്ചത് മുഖ്യമന്ത്രി പിണറായി സർക്കാർ. ശൈഖ് സുൽത്താൻ വിദേശ പൗരനായതിനാൽ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഡോക്ടറേറ്റ് നൽകാനാവില്ലെന്നായിരുന്നു ഗവർണറായിരുന്ന ജസ്റ്റിസ് പി.സദാശിവത്തിന്റെ നിലപാട്. അദ്ദേഹം ശുപാർശ തള്ളുകയും ചെയ്തിരുന്നു. 2014 ലായിരുന്നു. സുൽത്താന് ഡോക്ടറേറ്റ് നൽകാൻ കാലിക്കറ്റ് സർവകലാശാലാ സെനറ്റ് തീരുമാനിച്ചത്.
പി .കെ.അബ്ദുറബ്ബായിരുന്നു അന്ന് വിദ്യാഭ്യാസ മന്ത്രി. സുൽത്താനൊപ്പം മോഹൻലാലിനും പി.ടി.ഉഷയ്ക്കും ഡോക്ടറേറ്റ് നൽകാനും അന്ന് തീരുമാനിച്ചിരുന്നു. എന്നാൽ വിദേശ പൗരന് ഡോക്ടറേറ്റ് നൽകാൻ കേന്ദ്ര സർക്കാരിനറെ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടി അന്ന് ഗവർണറായിരുന്ന ജസ്റ്റിസ് പി.സദാശിവം സർവകലാശാലയുടെ ശുപാർശ അംഗീകരിച്ചില്ല. തുടർന്ന് യുഡിഎഫ് സർക്കാർ ഇക്കാര്യത്തിലെ തുടർനടപടികൾ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
എന്നാൽ പിന്നീട് 2017 ൽ എൽഡിഎഫ് ഭരണകാലത്ത് 2017 ലാണ് ഷാർജാ സുൽത്താന് ഡോക്ടറേറ്റ് നൽകാനുള്ള ശുപാർശ ഗവർണർ അംഗീകരിച്ചത്. സർക്കാരിന്റെ താത്പര്യപ്രകാരമായിരുന്നു നടപടി. സുൽത്താനൊപ്പം ഉഷയ്ക്കും മോഹൻലാലിനും ഡോക്ടറേറ്റ് നൽകാൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. സർവകലാശാല ചട്ടമനുസരിച്ച് ബിരുദദാന സമ്മേളനത്തിൽ ഗവർണർ, വിസി, രജിസ്ട്രാർ എന്നിവരേ പങ്കെടുക്കേണ്ടതുള്ളൂ. എന്നാൽ മുഖ്യമന്ത്രി കോൺവൊക്കേഷൻ റോബ് ധരിക്കാതെ സാധാരണ വേഷത്തിൽ ചടങ്ങിൽ പങ്കെടുത്തതും പ്രസംഗിച്ചതും നേരത്തെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ നടത്തിയ ആരോപണങ്ങൾക്ക് പിിന്നാലെയാണ് ഇക്കാര്യങ്ങൾ വീണ്ടും ചർച്ചയാകുന്നത്. മുഖ്യമന്ത്രിയുടെ മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങാൻ സുൽത്താനുമായി പിണറായി നടത്തിയ രഹസ്യചർച്ചകളുടെ വിവരങ്ങൾ ഉൾപ്പെടെയാണ് സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്.

