സാമ്പത്തിക പ്രതിസന്ധിയിലും ഇരുട്ടടി; പാകിസ്ഥാനില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു

കറാച്ചി: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയവെ പാകിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ കുത്തനെ കൂട്ടി. ഒരുലിറ്റര്‍ പെട്രോളിന് 24 രൂപ (പാക് രൂപ) കൂട്ടിയതോടെ പെട്രോള്‍ ലിറ്ററിന് 233.89 രൂപയായി. ഡീസലിന് 16.31 രൂപ വര്‍ധിപ്പിച്ചതോടെ ലിറ്ററിന് വില 263.31 രൂപയാണ്. കഴിഞ്ഞ 20 ദിവസത്തിനിടെ മൂന്നാം തവണയാണ് രാജ്യത്ത് ഇന്ധനവില ഉയര്‍ത്തുന്നത്. മണ്ണെണ്ണ വിലയും ഉയര്‍ന്നിട്ടുണ്ട്. വിലവര്‍ധനവിനെതിരെ പലയിടത്തും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്.

അതേസമയം, രാജ്യാന്തര വിപണിയിലെ ഉയര്‍ന്ന വിലയാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ധനമന്ത്രി മിഫ്താ ഇസ്മായില്‍ വ്യക്തമാക്കി. ഇമ്രാന്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പകിസ്ഥാനെ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചതെന്നാണ് നിലവിലെ സര്‍ക്കാരിന്റെ വാദം. ഇമ്രാന്‍ ഖാന്‍ അധികാരത്തിലിരുന്ന അവസാന നാളുകളില്‍ പണപ്പെരുപ്പം ഇരട്ട അക്കത്തിലെത്തിയതോടെ എണ്ണയ്ക്ക് സബ്‌സിഡി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ ഗുരുതര സാമ്ബത്തിക പ്രതിസന്ധിക്ക് കാരണമായത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാന്‍. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ജനങ്ങളോട് ചായ കുടി കുറയ്ക്കാന്‍ ആസൂത്രണ മന്ത്രി അഹ്സന്‍ ഇഖ്ബാല്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 4680 കോടി രൂപയ്ക്ക് രാജ്യത്ത് ചായപ്പൊടി ഇറക്കുമതി ചെയ്‌തെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഊര്‍ജ്ജ ക്ഷാമം പരിഹരിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.