ന്യൂഡൽഹി: അഗ്നിപഥ് സൈനിക റിക്രൂട്ടിങ് പദ്ധതിയെ കുറിച്ച് വിശദീകരണവുമായി കേന്ദ്ര സർക്കാർ. പദ്ധതിക്ക് എതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം രംഗത്തെത്തിയിട്ടുള്ളത്. അഗ്നിപഥ് പദ്ധതിയിലൂടെ യുവാക്കൾക്ക് തൊഴിൽ അവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പദ്ധതിയിലൂടെ തൊഴിൽ അവസരങ്ങൾ കൂടുകയാണ് ചെയ്യുകയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവിലെ നിയമനങ്ങളെക്കാൾ മൂന്നിരട്ടി നിയമനം നടത്തും. ഉദ്യോഗാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആവില്ല. നാല് വർഷത്തിന് ശേഷം അവർ ആഗ്രഹിക്കുന്ന മേഖലയിലേക്ക് മാറാൻ അവസരം ഒരുക്കുമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം, അഗ്നിപഥ് നിയമനത്തിൽ യുവത്വത്തിന്റെ ഭാവി അസ്ഥിരമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രാലയവും രംഗത്തെത്തിയിരുന്നു. അഗ്നിവീരൻമാർക്ക് സംരഭകരാകാം, തുടർപഠനമോ ജോലിയോ തിരഞ്ഞെടുക്കാമെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വിശദമാക്കി. പ്രതിഷേധക്കാർ കരുതുന്ന പോലെയല്ല നിയമനങ്ങൾ നടക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. രണ്ട് വർഷത്തെ വിദഗ്ധ കൂടിയാലോചനകൾക്ക് ശേഷമാണ് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഹ്രസ്വകാല പദ്ധതികൾ നടപ്പിലാക്കുന്ന ആദ്യ രാജ്യമല്ല ഇന്ത്യ. പദ്ധതി ഊർജ്ജസ്വലരായ യുവജനങ്ങൾക്കുള്ളതാണ്. 21 വയസുള്ളവർ പക്വതയില്ലാത്തവരാണെന്ന് പറയുന്നതും ശരിയല്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ പദ്ധതിയിലൂടെ യുവത്വത്തിന്റെയും അനുഭവജ്ഞരുടെയും അനുപാതം തുല്യമാക്കുകയാണ് ലക്ഷ്യം. ആദ്യ വർഷത്തിൽ നിയമിക്കുന്ന അഗ്നിവീരൻമാർ സുരക്ഷാസേനയുടെ ആകെ നിയമനത്തിന്റെ മൂന്ന് ശതമാനത്തോളമാണെന്നും പ്രതിരോധമന്ത്രാലയം ചൂണ്ടിക്കാട്ടി.
എന്നാൽ, ദ്ധതിക്കെതിരെ പ്രതിഷേധം തുടരുകയാണ്. ബിഹാറിന് പുറമെ ഡൽഹിയിലും ഉത്തർപ്രദേശിലും ജമ്മു കശ്മീരിലും പുതിയ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. ബിഹാറിൽ മൂന്ന് ട്രെയിനുകൾക്ക് പ്രതിഷേധക്കാർ തീവെച്ചു.

