ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഇഡിയുടെ നാളത്തെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് എൻഫോഴ്സ്മെന്റിന്റെ നടപടി.
വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു രാഹുലിന് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ കൂടെ നിൽക്കണമെന്ന് കാണിച്ച് രാഹുൽ ഇഡിക്ക് കത്തയച്ചു.
ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നായിരുന്നു കത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നത്. ഇത് അംഗീകരിച്ച ഇഡി തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയ്ക്ക് പുതിയ നോട്ടീസ് നൽകി. കഴിഞ്ഞ മൂന്ന് ദിവസം മുപ്പത് മണിക്കൂറിലേറെ സമയമാണ് രാഹുലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്.

