ന്യൂഡൽഹി: ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്ത് നൽകി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ആവശ്യം. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ കൂടെ നിൽക്കണമെന്ന് കാണിച്ചാണ് രാഹുൽ കത്തയച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുകയാണ്. മുപ്പത് മണിക്കൂറിലേറെ സമയം രാഹുലിനെ ഇഡി ചോദ്യം ചെയ്തത്. സോണിയ ഗാന്ധി അസുഖബാധിതയായതിനെ തുടർന്ന് ഡൽഹിയിലെ ഗംഗറാം ആശുപത്രിയിൽചികിത്സയിൽ കഴിയുന്നതിനാൽ ഇന്ന് ചോദ്യം ചെയ്യലിൽ നിന്ന് ഇഡി രാഹുലിനെ ഒഴിവാക്കിയിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഇഡിയ്ക്ക് കത്ത് നൽകിയത്.

