സൈബര്‍ കുറ്റകൃത്യങ്ങളെ തടയുക, സൈബര്‍ സാങ്കേതിക പരിജ്ഞാനം-സൈബര്‍ സുരക്ഷ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക, സൈബര്‍ ചതിക്കുഴികളും സ്പാം കോളുകളും അലേര്‍ട്ട് ചെയ്യുക എന്നീ ലക്ഷ്യത്തോടെ കേരള പോലീസ് സൈബര്‍ഡോം വികസിപ്പിച്ചെടുത്ത സൈബര്‍ പ്ലാറ്റ്ഫോമാണ് ബിസേഫ്. ബിസേഫിന്റെ വിവിധ ഫീച്ചറുകളെ കുറിച്ചറിയാം.
സ്കാം/സ്പാം കോളുകള്‍
ഇത്തരം കോളുകള്‍ തിരിച്ചറിയുകയും തടയുകയും ചെയ്യുന്നു. സ്പാം/ ഫ്രാഡ് നമ്പറുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന നമ്പറുകളുടെ ഡേറ്റാബേസില്‍ സേര്‍ച്ച് ചെയ്ത് സംശയകരമായ നമ്പറുകളെ തിരിച്ചറിയുകയും പ്രസ്തുത നമ്പര്‍ ബ്ളോക്ക് ചെയ്യുവാനും കഴിയും.
കമ്മ്യൂണിറ്റി റിപ്പോര്‍ട്ടിംഗ്
സ്കാം/സ്പാം, സെയില്‍സ് തുടങ്ങിയ അലോസരപ്പെടുത്തുന്ന ഫോണ്‍ നമ്പറുകളും അതുപോലെ സംശയകരമായ ആപ്പുകളും പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യമുണ്ട്.
ബിസ്കാന്‍
ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ക്ക് നമ്മള് നല്കുന്ന പെര്മിഷനുകളെക്കുറിച്ചും അവ എത്രത്തോളം സുരക്ഷിതമെന്നും മനസിലാക്കാന്‍ ബിസ്കാന്‍ ഫീച്ചര്‍ സഹായിക്കുന്നു. ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ക്ക് ഫോട്ടോകള്‍, കോള്‍ ലോഗുകള്‍, ക്യാമറ, സ്ക്രീന്‍ റെക്കോര്‍ഡ് തുടങ്ങിയവയിലേക്ക് ആക്സസ് ഉണ്ടോ, ബാങ്കിങ് വിവരങ്ങള്‍ പോലുള്ള സെന്സിറ്റിവ് സന്ദേശങ്ങള്‍ വായിക്കാനുള്ള അനുമതിയുണ്ടോ എന്നിവ ബിസ്കാനില് നിങ്ങള്‍ക്ക് പരിശോധിക്കാം. പ്ലേസ്റ്റോറില്‍ ലഭ്യമാകുന്ന രണ്ട് ലക്ഷത്തിലധികം ആന്‍ഡ്രോയിഡ് ആപ്പുകള്‍ ബിസ്കാന്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തിയാണ് ആപ്പ് സ്കാന്‍ അതിന്റെ സാങ്കേതിക സാധുത സാധ്യമാക്കുന്നത്.
സുരക്ഷാ സ്കാനിങ്ങില്‍, സ്കാന്‍ ചെയ്യുന്ന ആപ്ലിക്കേഷന്റെ സുരക്ഷാ പ്രശ്നങ്ങളും മാല്‍വെയറുകളും സിസ്റ്റങ്ങള്‍ സ്കാന്‍ ചെയ്യുകയും സ്കോറുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സൗകര്യം ലഭ്യമാകുന്നത്. ഭാവിയില്‍ ഐഒഎസ് വേര്‍ഷനും ലഭ്യമാക്കും.
വെരിഫൈഡ് നമ്പേര്സ് ഡയറക്ടറി
നമ്പറുകളുടെ ആധികാരികത ഡയറക്ടറിയില്‍ നിന്ന് പരിശോധിക്കാം. ബിസേഫ് കാസ്റ്റുകള്‍ – ജനപ്രിയ പോഡ്കാസ്റ്റ് പ്ലാറ്റ്ഫോമുകളായ ഗാനാ, ഗൂഗിള്‍, സ്പോട്ടിഫൈ എന്നിവയിലും ബിസേഫ് വെബ്സൈറ്റ് വഴിയും കേരള പൊലീസ് സൈബര്‍ഡോമില്‍ നിന്നുള്ള സൈബര്‍ സുരക്ഷാ സംബന്ധിച്ച് വിവിധ ടോപ്പിക്കുകളെക്കുറിച്ചുള്ള പോഡ്കാസ്റ്റുകള്‍ സംപ്രേക്ഷണം ചെയ്യുന്നു. സ്കാം സ്റ്റോറീസും ബിസേഫ് സൈറ്റില്‍ വായിക്കാം
ഐഎംഇഐ സേര്‍ച്ച്
മൊബൈല്‍ ഡിവൈസിന്റെ ആധികാരികത തിരിച്ചറിയാന്‍ സഹായിക്കും. മോഷ്ടിച്ച ഫോണാണോ അല്ലയോ എന്നറിയാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുന്നു. മോഷ്ടിക്കപ്പെട്ട ഫോണിന്റെ ഐഎംഇഐ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യപ്പെട്ട ഡേറ്റബേസില്‍ ഐഎംഇഐ സേര്‍ച്ചിങ് നടത്തിയാണ് ഡിവൈസിന്റെ ആധികാരികത പരിശോധിക്കുന്നത്.
ഇ-ബുക്ക്
.വിവിധതരം സൈബര്‍ തട്ടിപ്പുകളെക്കുറിച്ചും അതിന്റെ മോഡസ് ഓപറാന്‍ഡിയും അത്തരം തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഇ- ബുക്ക് ബിസേഫിലൂടെ സൈബര്‍ഡോം പുറത്തിറക്കിയിട്ടുണ്ട്. സൈബര്‍ ക്രൈം റിപ്പോര്ട്ടിങ്ങിനെകുറിച്ചുള്ള വിവരണവും ഓണ്‍ലൈന്‍ കോഡ് ഓഫ് കോണ്ടാക്റ്റ് എന്നിവ ഇ-ബുക്കിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബിസേഫ് റിസോഴ്സസ്
പൊതുജനങ്ങളില്‍ സൈബര്‍ സുരക്ഷാ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിരവധി വിഷയങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിവരശേഖരം പവര്‍ പോയിന്റ് പ്രസന്റേഷനുകളായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ബിസേഫ് ടോക്സ്
വിവിധ സൈബര്‍ തട്ടിപ്പുകളെയും സൈബര്‍ സുരക്ഷാ വിഷയങ്ങളെയും കുറിച്ചുള്ള പ്രതിമാസ വെബിനാറുകള്‍ ആപ്പ് വഴി ലഭ്യമാക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഇ കര്‍ഫ്യൂ പാസ് ( E Curfew Pass) സേവനം നല്കി ബിസേഫ് (BSafe) ശ്രദ്ധ നേടിയിരുന്നു. വിജയകരമായി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ബിസേഫ് പ്ലാറ്റ്ഫോം മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വെബ് ആപ്ലിക്കേഷനായും മൊബൈല്‍ ആപ്ലിക്കേഷനായും പൊതുജനങ്ങള്‍ക്ക് ബിസേഫ് സേവനം ലഭ്യമാണ്.
ബിസേഫ് വെബ്സൈറ്റ് ലിങ്ക്: https://bsafe.kerala.gov.in/

