സ്വപ്‌ന സുരേഷിന്റെ ആരോപണം; സർക്കാരിന് പ്രതിസന്ധിയില്ലെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. സ്വപ്‌നയുടെ ആരോപണത്തിൽ സർക്കാരിന് പ്രതിസന്ധിയില്ലെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. സ്വപ്‌ന സുരേഷിന്റെ അസംബന്ധങ്ങൾ കേരളീയ സമൂഹം വിശ്വസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മാദ്ധ്യമങ്ങൾ പുനർവിചിന്തനത്തിന് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

99 സീറ്റോടെ അധികാരത്തിൽ വന്ന സർക്കാർ വികസന പ്രവർത്തനങ്ങളുമായി അതിവേഗത്തിൽ മുന്നോട്ട് പോകുകയാണ്. അരാചകത്വം സൃഷ്ടിച്ച് ഭരണത്തെ അട്ടിമറിക്കാനാണ് നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങൾ നടന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇതിൽ പങ്കുണ്ടെന്നുമായിരുന്നു സ്വപ്‌നയുടെ ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ചത്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ സ്വപ്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടന്നത്. ഇതിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയിരുന്നുവെന്നും സ്വപ്ന പറഞ്ഞു.

ഷാർജയിൽ ബിസിനസ് പങ്കാളികളുമായി ചർച്ച നടത്തി. ചർച്ചയിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമൊപ്പം ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തുവെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്.