കോഴിക്കോട്: ചാലിയാറിന് കുറുകെയുള്ള കൂളിമാട് പാലം തകർന്ന സംഭവത്തിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിഷയം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പിലെ ആഭ്യന്തര വിജിലൻസ് സംവിധാനം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിജിലൻസ് തയ്യാറാക്കിയ റിപ്പോർട്ട് മടക്കിയത് കുറച്ചുകൂടി വ്യക്തത ആവശ്യമുള്ളത് കൊണ്ടാണ്. ടെക്നിക്കൽ, മാന്വൽ വശങ്ങളും പരിശോധിക്കേണ്ടതുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് വ്യക്തത വരുത്തി റിപ്പോർട്ട് നൽകാൻ പിഡബ്ല്യുഡി വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിയാസ് അറിയിച്ചു. റിപ്പോർട്ട് വേഗത്തിൽ കൈമാറാൻ നിർദ്ദേശിച്ചതായും റിപ്പോർട്ട് കിട്ടിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപകടം ആവർത്തിക്കപ്പെടരുതെന്നും ഉദ്യോഗസ്ഥരായാലും കരാർ എടുത്തവരായാലും വീഴ്ച ഉണ്ടങ്കിൽ അതിനനുസരിച്ച് നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെറ്റിനോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

