തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രാഷ്ട്രീയധാർമ്മികത അൽപമെങ്കിലും ഉണ്ടെങ്കിൽ കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടവരുടെ മൊഴി വന്നതിന് ശേഷം, അവരുടെ പ്രസ്താവന വന്നതിന് ശേഷം നാട്ടിൽ എന്തൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങൾക്കെല്ലാം അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ മുഖ്യമന്ത്രി പറയുന്നു അന്വേഷണത്തിന് കേന്ദ്ര ഏജൻസിയെ തങ്ങളാണ് വിളിച്ചതെന്ന്. കേന്ദ്ര ഏജൻസി വന്നപ്പോൾ അവർക്കെതിരായിട്ട് അന്വേഷണ കമ്മീഷനെ വച്ചയാളാണ് ഇപ്പോൾ പറയുന്നത് ഞങ്ങൾ വിളിച്ചിട്ടാണ് കേന്ദ്രഏജൻസി വന്നതെന്ന്. നാട്ടിൽ എവിടെയെങ്കിലും നടന്നിട്ടുള്ള കാര്യമാണോ കേന്ദ്ര ഏജൻസിക്കെതിരെ അന്വേഷണ കമ്മീഷനെ വയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഹൈക്കോടതി പറഞ്ഞു അന്വേഷണ കമ്മീഷനെ വയ്ക്കുന്നതിൽ ഒരു അടിസ്ഥാനവുമില്ലെന്ന്. പക്ഷെ ഇപ്പോഴും ആ അന്വേഷണ കമ്മീഷൻ തുടരുകയാണ്. ഒരു എഡിജിപിയുടെ നേതൃത്വത്തിൽ ഗൂഢാലോചന അന്വേഷിക്കാൻ നൂറുകണക്കിന് പൊലീസുകാരെ നിയോഗിച്ചിരിക്കുന്നു. ഇന്ന് കോട്ടയത്ത് സാധാരണക്കാരന് പോലും വഴി നടക്കാൻ പറ്റാത്ത വിധത്തിൽ ആയിരുന്നു സ്ഥിതിയെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിക്ക് പോലുമില്ലാത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക്. പിണറായി വിജയന് സുരക്ഷ ഒരുക്കാൻ കേരളത്തിലെ പൊലീസിനെ മുഴുവൻ നിയോഗിച്ചിരുക്കുകയല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. കോട്ടയം ജില്ലയിലെ മുഴുവൻ ഡിവൈഎസ്പിമാരെയും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുകയാണ്. എന്നിട്ടും ജനങ്ങൾ പ്രതിഷേധിച്ചു. മുഖ്യമന്ത്രിയ്ക്ക് എന്തൊക്കെയോ ഒളിച്ചുവയ്ക്കാനുണ്ടെന്ന് മുഖ്യമന്ത്രിയുടെ പരിഭ്രാന്തി തന്നെ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രിക്ക് ഒന്നും ഒളിക്കാനില്ലെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ തടസപ്പെടുത്താൻ ശ്രമിക്കില്ലായിരുന്നു. ഈ പരിഭ്രാന്തിയുടെ ആവശ്യമില്ല. ഇത്രയും പരിഭ്രാന്തിയുള്ള ആള് ഇത്രയും സുരക്ഷ ഏർപ്പെടുത്തി എന്തിനാണ് പ്രസംഗിക്കാൻ വരുന്നത്. നരേന്ദ്രമോദിയെ രാഷ്ട്രീയ ധാർമ്മികത പഠിപ്പിക്കുന്നയാൾ എന്തിനാണ് സുരക്ഷ ഏർപ്പെടുത്തി അന്വേഷണത്തെ ഭയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

