പട്‌ന: കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കനുസരിച്ച് ബീഹാറില്‍ ദിവസവും പതിനഞ്ചോളം കുട്ടികളെ കാണാതാവുന്നതായി റിപ്പോര്‍ട്ട്. കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിന്നുമാണ് വിവരം ശേഖരിച്ചത്. ബീഹാര്‍ പോലീസിലും റെയില്‍വേ പോലീസിലുമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 16,559 കുട്ടികളെ കാണാതായതായി പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍, അതില്‍ 16,559 കുട്ടികളില്‍ കേവലം 7,219 കുട്ടികളെ മാത്രമേ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. ബാക്കിയുള്ളവര്‍ എവിടെയാണെന്നോ എന്ത് പറ്റിയെന്നോ അറിയില്ല. കാണാതാവുന്നതില്‍ 55 ശതമാനം പേര്‍ക്കും എന്ത് സംഭവിച്ചു എന്നത് വ്യക്തമല്ല.
അതേസമയം, 2021ല്‍, 6,395 കുട്ടികളെ അവരുടെ വീടുകളില്‍ നിന്ന് കാണാതായതില്‍ 2,838 കുട്ടികളെ മാത്രമേ ലോക്കല്‍ പോലീസിന് കണ്ടെത്താനായുള്ളു. 3,557 കുട്ടികളെ കുറിച്ച് ഇനിയും വിവരമില്ല. കൊവിഡ് ലോക്ക്ഡൗണിലാണ് 2020 ല്‍ 2,867 കുട്ടികളെ കാണാതായെങ്കിലും അന്വേഷണത്തില്‍ 1,193 പേരെയാണ് കണ്ടെത്തിയത്. 2019ല്‍ 7,297 പരാതികള്‍ കുട്ടികളെ നഷ്ടമായതില്‍ എടുത്തെങ്കിലും അതില്‍ 3,188 കുട്ടികളെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളു. ബിഹാറിന്റെ തലസ്ഥാനമായ പട്‌ന, ഗയ, ഭഗല്‍പൂര്‍, മോത്തിഹാരി, വൈശാലി, മുസാഫര്‍പൂര്‍, സരണ്‍, ഗോപാല്‍ഗഞ്ച്, റോഹ്താസ് ജില്ലകളില്‍ നിന്നുമാണ് കൂടുതല്‍ കുട്ടികളെയും കാണാതാവുന്നത്.

