നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിയ്ക്ക് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ജൂൺ 23 ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടാണ് നടപടി.

ജൂൺ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ സോണിയ ഗാന്ധിയ്ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാൽ കൊവിഡ് ബാധിച്ചതിനെ തുടർന്ന് തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിനാൽ ഹാജരാകാൻ കഴിയില്ലെന്നും വ്യക്തമാക്കി സോണിയാ ഗാന്ധി ഇഡിയുടെ നോട്ടീസിന് മറുപടി നൽകി. ഇതോടെയാണ് എൻഫോഴ്‌സ്‌മെന്റ് സോണിയ ഗാന്ധിയ്ക്ക് പുതിയ നോട്ടീസ് നൽകിയത്.

നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റടെുത്തതിൽ കള്ളപണ ഇടപാട് നടന്നുവെന്നാണ് പരാതിയാണ് എൻഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ. കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്ന് ആരോപിച്ച് സുബ്രഹ്മണ്യ സ്വാമിയാണ് പരാതി നൽകിയത്.

അഴിമതിയും സാമ്പത്തിക തിരിമറിയുമുണ്ടെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. 1,600 കോടി രൂപ മതിക്കുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് ഇവർ സ്വന്തമാക്കിയെതെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു. അതേസമയം, 2015 ൽ കേസ് ഇഡി അവസാനിപ്പിച്ചതാണെന്നും പുതിയ ഉദ്യോഗസ്ഥരെ ഇറക്കി സമ്മർദ്ദത്തിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.