ഡല്‍ഹി: പ്രതിവര്‍ഷം 1,000 ടണ്‍ ഹരിതഗൃഹ വാതക പുറന്തള്ളല്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വിമാനത്താവളത്തില്‍ എയര്‍സൈഡ് സേവനങ്ങള്‍ക്കായി അടുത്ത നാല് മാസത്തിനുള്ളില്‍ 62 ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരുമെന്നറിയിച്ച് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. റണ്‍വേ, ടാക്‌സിവേ, ഏപ്രോണ്‍ എന്നിവിടങ്ങളാണ് എയര്‍സൈഡ് ഏരിയ എന്നറിയപ്പെടുന്നത്. ഇവിടെ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താനാണ് എയര്‍പോര്‍ട്ട് അധികൃതരുടെ തീരുമാനം. ഗ്രീന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പദ്ധതിയുടെ ഭാഗമായി എയര്‍സൈഡില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഘട്ടം ഘട്ടമായി ഉള്‍പ്പെടുത്താനും തീരുമാനിച്ചു.
ആദ്യ ഘട്ടത്തില്‍, DIAL എയര്‍സൈഡ് പ്രവര്‍ത്തനങ്ങള്‍ക്കായി 62 ഇലക്ട്രിക് വാഹനങ്ങളാണ് പുറത്തിറക്കുക. ഇതുവഴി പ്രതിവര്‍ഷം ഏകദേശം 1,000 ടണ്‍ ഹരിതഗൃഹ വാതക പുറന്തള്ളല്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും, മൂന്നോ നാലോ മാസത്തിനുള്ളില്‍ ഈ വാഹനങ്ങള്‍ നിരത്തിലിറക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാഹനങ്ങള്‍ക്കായി ഉയര്‍ന്ന വോള്‍ട്ടേജും ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളും DIAL സ്ഥാപിക്കുമെന്നും- എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ടില്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളില്‍ സ്ഥാപിക്കുന്നതിനും വാഹനത്തിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും ഉപകരണ നിര്‍മ്മാതാക്കളുമായും അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ആളുകള്‍ക്കുള്ള താല്‍പര്യം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. മൊത്തത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡിലും അവയുടെ വിതരണത്തിലും വിപണിയില്‍ ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്. ബാറ്ററിയുടെ വില കുറയല്‍, മെച്ചപ്പെട്ട ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്ധനവില വര്‍ദ്ധനവ് എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ഈ വില്‍പ്പന വളര്‍ച്ചയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യൂറോപ്പില്‍, 2021 ഓഗസ്റ്റില്‍, ഡീസല്‍ കാറുകളേക്കാള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയാണ് നടന്നത്. ഇവയില്‍ ഹൈബ്രിഡ് മോഡലുകളും 100% ഇലക്ട്രിക് മോഡലുകളും ഉള്‍പ്പെടുന്നു.

