കണ്ണൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങളും ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് ബ്രോക്കർമാരുമാണെന്നും വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. ഷാജ് കിരണും സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയും തമ്മിലുള്ള ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഎം നേതാക്കളുടെയും കള്ളപ്പണ ഇടപാടുകാരുടെയും ഭൂമാഫിയയുടെയും രഹസ്യ ഇടപാടുകളുടെ ചുരുളഴിയുന്നതാണ് പുറത്ത് വന്ന ശബ്ദരേഖയിലെ ചില ഭാഗങ്ങൾ. ശബ്ദസന്ദേശത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കോടതിയുടെ മേൽനോട്ടത്തിലല്ലാതെ മറ്റൊരു ഏജൻസിയുടെ അന്വേഷണവും സ്വീകാര്യമല്ല. അന്വേഷണം അടിയന്തരമായി പ്രഖ്യാപിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം കേരളം കാണുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയും എഡിജിപിമാരും ആരോപണവിധേയരായ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ പ്രഹസന അന്വേഷണത്തിൽ ഒരിക്കലും സത്യം പുറത്തുവരില്ല. മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണുമായി നല്ലബന്ധമാണെന്നും ഇവരുടെ ഫണ്ട് വിദേശത്ത് അയക്കുന്നതിന്റെ വഴി അറിയാമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനത്തിന്റെ പേര് ഇടനിലക്കാരൻ വെളിപ്പെടുത്തകയും ചെയ്യുന്നുണ്ട്. ഈ വെളിപ്പെടുത്തൽ അതീവഗൗരവതരമാണ്. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും വിദേശയാത്രകൾ പോലും സംശയത്തിന്റെ നിഴലിലാണ്. ഈ വെളിപ്പെടുത്തലിനെ ലഘൂകരിച്ച് കാണാൻ സാധിക്കില്ല. സ്വർണ്ണക്കടത്ത് പോലെ തന്നെ രാജ്യദ്രോഹ പ്രവർത്തനമാണ് കള്ളപ്പണ ഇടപാടും. അത് സംബന്ധമായ കാര്യങ്ങളും ശബ്ദരേഖയിലൂടെ പുറത്ത് വന്നു. സാധാരണ ബ്രോക്കർ മാത്രമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഷാജ് കിരണിന് എങ്ങനെയാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുമായും എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം ഉണ്ടായതെന്നും അദ്ദേഹം ചോദിക്കുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഷാജ് കിരണിനെ നിരന്തരമായി ബന്ധപ്പെട്ടിട്ടുണ്ടോ, അങ്ങനെയെങ്കിൽ അത് എന്തിന് വേണ്ടി തുടങ്ങി കാര്യങ്ങളും പരിശോധിക്കേണ്ടതാണ്. സരിത്തിനെ കസ്റ്റഡിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിന്റെ രഹസ്യ നീക്കം പോലും മാദ്ധ്യമങ്ങൾക്ക് ലഭിക്കുന്നതിന് മുൻപ് ബ്രോക്കറായ ഷാജ് കിരണിന് ലഭിക്കാനിടയുണ്ടായ സാഹചര്യം അന്വേഷിക്കണം. ഷാജ് കിരണിനെതിരെ ഇതുവരെ എന്തുകൊണ്ട് പൊലീസ് നിയമനടപടി സ്വീകരിക്കുന്നില്ലായെന്നത് സംശങ്ങൾ കൂടുതൽ ബലപ്പെടുത്തുന്നതാണ്. ആഭ്യന്തരവകുപ്പിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഇടനിലക്കാരാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സമീപകാലത്ത് നടന്നിട്ടുള്ള എല്ലാ സംഭവങ്ങളിലും ദുരൂഹതയുണ്ടെന്നും സുധാകരൻ ആരോപിച്ചു.

