സ്വപ്നയുടെ വെളിപ്പെടുത്തൽ; വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് എം ആർ അജിത് കുമാറിനെ മാറ്റി

തിരുവനന്തപുരം: വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് എം ആർ അജിത് കുമാറിനെ മാറ്റി. സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. ഐജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല നൽകിയിട്ടുള്ളത്.

രഹസ്യമൊഴി നൽകിയ സ്വപ്നയെ കൊണ്ട് മൊഴി പിൻവലിപ്പിക്കാൻ ചില ഇടപെടലുകൾ വിജിലൻസ് ഡയറക്ടർ എം.ആർ അജിത് കുമാർ നടത്തിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഷാജ് കിരണിനെ അജിത് കുമാർ വിളിച്ചെന്ന് ഇന്റലിജൻസും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. സരിത്തിന്റെ ഫോൺ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയവും അജിത്ത് കുമാറിനെതിരെ നടപടി സ്വീകരിക്കാൻ കാരണമായെന്നാണ് വിവരം.

വിജിലൻസ് ഐജി എച്ച്. വെങ്കിടേഷിന് അജിത് കുമാറിന് പകരം ചുമതല നൽകി. എന്നാൽ, അജിത്ത് കുമാറിന് പുതിയ ചുമതല നൽകിയിട്ടില്ല.