മുഖ്യമന്ത്രിക്കെതിരെയുള്ള സ്വപ്നയുടെ ആരോപണങ്ങൾ; പിന്നിൽ രാഷ്ട്രീയ അജണ്ടെന്ന് സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന വിലയിരുത്തലിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയ്ക്ക് രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷവും ബിജെപിയുമാണെന്ന് തുറന്നുകാട്ടാനും രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചു ചേർക്കാനും പാർട്ടി ലക്ഷ്യമിടുന്നു. കോൺഗ്രസും ബിജെപിയുമാണ് മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിലുള്ളതെന്നും പാർട്ടി കരുതുന്നു.

അതേസമയം, വിശദീകരണയോഗങ്ങളിൽ പാർട്ടിയുടെ പ്രധാന നേതാക്കൾതന്നെ വിഷയം ജനങ്ങളോട് വിവരിക്കും. നിലവിൽ അനുകൂല സാഹചര്യമാണുള്ളതെന്നും പാർട്ടി വിലയിരുത്തുന്നു.