ഷാജ് കിരണ്‍ എന്ന വ്യക്തിയെ അറിയില്ല; സ്വപ്നയെ നേരിട്ട് കണ്ടിട്ടില്ലെന്ന് കോടിയേരി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് പുറത്ത് വിട്ട ശബ്ദരേഖയിലെ ഫണ്ട് ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിലുള്ള ഷാജ് കിരണ്‍ എന്ന വ്യക്തിയെ അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള സന്ദർഭത്തിലെല്ലാം ഇങ്ങനെ ഓരോ ആളുകൾ കയറി വരും. അത്തരത്തിലൊരാളാണ് ഷാജ് കിരൺ. ആ പേര് തന്നെ ആദ്യമായാണ് കേൾക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയിൽ മൂന്ന് തവണ പോയിട്ടുണ്ടെന്നത് ശരിയാണ്. എന്നാൽ, ചികിത്സക്ക് വേണ്ടിയാണ് പോയത്. തന്റെ ചികിത്സാ ചിലവ് പൂർണ്ണമായും വഹിച്ചത് പാർട്ടിയാണ്. ഒരു നയാ പൈസ ആരും ചെലവാക്കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

സ്വപ്നയുടെ ആരോപണങ്ങൾ ഗൂഢാലോചനയാണ്. രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കലാണ് ആരോപണങ്ങൾക്ക് പിന്നിലെ ലക്ഷ്യം. ജനങ്ങളെ ഉപയോഗിച്ച് ആരോപണങ്ങളെ നേരിടും. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ഉൾപ്പെടുത്താൻ ആദ്യം തന്നെ ശ്രമമുണ്ടായിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം സന്ദർഭത്തിൽ സർക്കാർ നോക്കി നിൽക്കരുത്. ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും കോടിയേരി അറിയിച്ചു.

മുഖ്യമന്ത്രിക്കും കുടുംബങ്ങൾക്കും എതിരെ പ്രചാരണം നടത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. രഹസ്യമൊഴി വെളിപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്. സ്വപ്ന മുമ്പ് നൽകിയ രഹസ്യ മൊഴിയും ഇപ്പോൾ നൽകിയ രഹസ്യ മൊഴിയും തമ്മിൽ നിറയെ വൈരുധ്യങ്ങളുണ്ട്. ആദ്യം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ ബന്ധമില്ലെന്നാണ് സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിക്ക് ബന്ധം ഇല്ലെന്നും അദ്ദേഹത്തിനെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടായെന്നും ഒന്നര വർഷം മുൻപ് അവർ മൊഴി നൽകി. എന്നാൽ ഇപ്പോൾ വ്യത്യസ്തമായാണ് പറയുന്നത്. ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയെന്നാണ് ഇപ്പോൾ പറയുന്നത്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഡാലോചനയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടിയേരി പറഞ്ഞു.

ആരോപണങ്ങൾ ആദ്യമായി കേൾക്കുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയൻ. കമലാ ഇന്റർനാഷണൽ എന്ന കമ്പനിയുണ്ടെന്ന ആരോപണം നേരത്തെ വന്നിരുന്നു. അതൊരു കഥയായിരുന്നു. എല്ലാം കഥകളാണ്. സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയാണ്. ഇത്തരം ആക്ഷേപങ്ങൾ കേട്ടുകൊണ്ട് ഉയർന്ന് വന്നയാളാണ് പിണറായി വിജയൻ. കള്ളക്കഥകൾക്ക് മുന്നിൽ സിപിഎം കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.