തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വെതർ സ്റ്റേഷനുകൾ (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ) സ്ഥാപിക്കുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് വെതർ സ്റ്റേഷനുകൾ ആരംഭിക്കുന്നത്. കേരള സ്കൂൾ വെതർ സ്റ്റേഷൻ എന്നാണ് പദ്ധതിയുടെ പേര്. ഓരോ ദിവസത്തെയും അന്തരീക്ഷ സ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ (ദിനാവസ്ഥ) മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും അതുവഴി നിശ്ചിത കാലാവസ്ഥാ ഡാറ്റകൾ തയ്യാറാക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി അറിയിച്ചു.
2022 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൂറുദിന കർമ്മ പരിപാടിയിൽ പ്രഖ്യാപിച്ച പ്രധാന പദ്ധതിയായ വെതർ സ്റ്റേഷനുകളുടെ നിർമ്മാണം ത്വരിതഗതിയിൽ പൂർത്തിയാകുകയാണ്. സംസ്ഥാനത്തെ ഹയർ സെക്കൻണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽ ജ്യോഗ്രഫി മുഖ്യവിഷയമായിട്ടുള്ള 240 കേന്ദ്രങ്ങളിലാണ് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഭൂമിശാസ്ത്ര പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണമാണ് ആരംഭിച്ചിട്ടുള്ളതെന്നും ഇന്ത്യയിൽ ആദ്യമായാകും ഇത്തരമൊരു പരിപാടിയ്ക്ക് തുടക്കമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഴയുടെ തോത് അളക്കുന്നതിനുള്ള മഴമാപിനി, അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെർമോമീറ്ററുകൾ, അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള വെറ്റ് ആർ ഡ്രൈ ബൾബ് തെർമോമീറ്റർ, കാറ്റിന്റെ ദിശ അറിയുന്നതിനായുളള ‘വിൻഡ് വെയ്ൻ’ കാറ്റിന്റെ വേഗത നിശ്ചയിക്കുന്ന ‘കപ്പ് കൗണ്ടർ അനിമോമീറ്റർ’ തുടങ്ങി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ ഉപയോഗിച്ചു വരുന്ന ശാസ്ത്രീയ ഉപകരണങ്ങൾ തന്നെയാണ് സ്കൂൾ വെതർ സ്റ്റേഷനുകളിലും ഉപയോഗിക്കുന്നതെന്ന് വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിൽ പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനും, ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുവാനും വെതർ സ്റ്റേഷനുകൾ സഹായിക്കും. വെതർ സ്റ്റേഷൻ പ്രവർത്തിക്കുന്ന വിദ്യാലയത്തിന് സമീപത്തുണ്ടാകുന്ന പ്രാദേശിക കാലാവസ്ഥാ വിവരങ്ങൾ വിദ്യാർത്ഥികളിൽ ഗവേഷണ പരിശീലനത്തിനും കാർഷിക- വ്യവസായിക മേഖലയിലെ പ്രവർത്തനങ്ങൾക്കും ഉതകുന്നതാണ്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിലെ ദിനാവസ്ഥ സാഹചര്യവും കാലാവസ്ഥാ വ്യതിയാനവും മുൻകൂട്ടി മനസ്സിലാക്കാൻ ഇത്തരം സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളിലൂടെ കഴിയും. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കോഴിക്കോട് ആസ്ഥാനമായ CWRDM, കേരള ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ മാർഗനിർദേശങ്ങളും സഹായ സഹകരണങ്ങളും വെതർ സ്റ്റേഷനുകൾക്ക് ലഭിക്കുന്നുണ്ട്. സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 11 ന് കൊല്ലം കടയ്ക്കൽ, വയല വാസുദേവൻ പിള്ള മെമ്മോറിയൽ ഗവ. എച്ച്.എസ്.എസ്- ൽ നിർവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

