നെറുകയില്‍ ചുംബിച്ച് വിഘ്‌നേഷ്; നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹ ചിത്രങ്ങള്‍ വൈറല്‍

മഹാബലിപുരം: നടി നയന്‍താരയും വിഘ്‌നേഷ് ശിവനും മഹാബലിപുരത്തെ റിസോട്ടില്‍ വച്ച് ഇന്ന് രാവിലെ 11 മണിയോടെ വിവാഹിതരായി. കുടുംബാംഗങ്ങളും, അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മാധ്യമങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്തതിനാല്‍ തന്നെ വിവാഹചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എ്ന്നാല്‍, വിവാഹച്ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍. ദൈവത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്താല്‍ എന്ന് എഴുതിയാണ് വിവാഹ ഫോട്ടോ പുറത്തുവിട്ടത്.

ഷാരൂഖ് ഖാന്‍, രാധിക ശരത്കുമാര്‍, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി തുടങ്ങിയവരും മലയാളത്തില്‍ നിന്ന് ദിലീപ് തുടങ്ങി സിനിമാ രംഗത്തെ പ്രമുഖരും വിവാഹത്തിനെത്തിയിരുന്നു. ശനിയാഴ്ച്ച താരജോഡികള്‍ മാധ്യമങ്ങളെക്കാണും. അടുത്ത ദിവസം തന്നെ സിനിമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക വിരുന്നും ഉണ്ട്. ക്ഷണക്കത്തിനൊപ്പം നല്‍കിയ പ്രത്യേക കോഡ് നമ്ബര്‍ നല്‍കി വേണം വിവാഹ ഹാളിലേക്ക് കടക്കാന്‍ എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പരമ്ബരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങള്‍ ധരിച്ച് എത്തണമെന്നായിരുന്നു അതിഥികളോടുള്ള അഭ്യര്‍ത്ഥന. വിവാഹവേദിയില്‍ സംഗീതപരിപാടിയും നിശ്ചയിച്ചിരുന്നു.

അതേസമയം, വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം സ്വന്തമാക്കാനും, വിവാഹ വീഡിയോ തയ്യാറാക്കാനും സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്ളിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. താരവിവാഹങ്ങളുടെ ഒടിടി അവകാശം വില്‍പ്പനയാവുന്ന ട്രെന്‍ഡ് ഇന്ത്യയില്‍ ബോളിവുഡില്‍ നിന്ന് ആരംഭിച്ചതാണ്. കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.