അഹമ്മദാബാദ്: ഗുജറാത്തിലെ ആം ആദ്മി യൂണിറ്റിനെ മുഴുവനായി പിരിച്ചുവിടുന്നു. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി സ്ഥാപകനേതാവുമായ അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്തിൽ ഭരണം പിടിക്കുമെന്ന അവകാശവാദത്തോടെയാണ് കെജ്രിവാൾ സംസ്ഥാനത്ത് പ്രവർത്തിക്കാൻ ആരംഭിച്ചത്. എന്നാൽ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് തൊട്ടുമുൻപ് അദ്ദേഹം ആംആദ്മി യൂണിറ്റിനെ മുഴുവനായും പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.
2022 അവസാനമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആംആദ്മിയുടെ ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ തന്നെ പാർട്ടിയെ തത്ക്കാലം നയിക്കുമെന്നും ആം ആദ്മി ഗുജറാത്തിൽ പുതിയ പാർട്ടി ഘടന ഉണ്ടാക്കുമെന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

