സരിതയെ ഫോണിൽ വിളിച്ചതാണ് സഖാക്കളുടെ പ്രശ്നം; താൻ എങ്ങനെ പ്രതിയായെന്ന് എത്ര ആലോചിട്ടും മനസിലാകുന്നില്ലെന്ന് പി സി ജോർജ്

കോട്ടയം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെതിരേ കെ.ടി. ജലീൽ എം.എൽ.എ. നൽകിയ പരാതിയിൽ താൻ എങ്ങനെ പ്രതിയായെന്ന് എത്ര അലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് പി.സി. ജോർജ്. കേസിൽ രണ്ടാം പ്രതിയാണ് താൻ. സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് താൻ ചെയ്ത കുറ്റമെന്നും അദ്ദേഹം പറഞ്ഞു.

സരിതയെ താൻ ഫോണിൽ വിളിച്ചതാണ് ഇപ്പോൾ സഖാക്കളുടെ പ്രശ്നം. ലഹളക്കും സംഘർഷത്തിനും സാഹചര്യമുണ്ടാക്കി എന്നതാണ് തനിക്കെതിരായ ഒരു കുറ്റം. ഇങ്ങനെ കേസെടുക്കാനാണെങ്കിൽ മുഖ്യമന്ത്രി പിണറായിയുടെ പേരിൽ ഒരായിരം കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ നടത്തുന്ന പ്രസ്താവനക്കെതിരേ കേസെടുക്കാനാണെങ്കിൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ നടത്തുമെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു സ്ത്രീയെ 16 മാസം ജയിലിൽ പിടിച്ചിട്ട് പീഡിപ്പിച്ച ചരിത്രം അവർ എന്നോട് പറഞ്ഞു.അവർ ഒരു കുറിപ്പ് തന്നു, അതിൽ പറഞ്ഞ കാര്യം ഞാൻ പത്രക്കാർക്ക് കൊടുത്തു. അതാണ് ഞാൻ ചെയ്ത മഹാപാപമെന്ന് പി സി ജോർജ് ചൂണ്ടിക്കാട്ടി.

ജയിലിൽ കിടക്കുന്ന ഒരു സ്ത്രീയെ അവിടെയിട്ട് പീഡിപ്പിക്കുകയും മുഖ്യമന്ത്രിയുടെ പേര് പറയരുതെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം, മുഖ്യമന്ത്രി താൻ നിരപരാധിയാണെന്ന് പറഞ്ഞ് ചാടുന്നതെന്തിനാണ്. കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന പലർക്കെതിരേയും ആരോപണം വന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്ക് എതിരെ ഉൾപ്പെടെ. പക്ഷേ, ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനോ ഭാര്യക്കോ മക്കൾക്കോ എതിരേ ആരോപണം വന്നിട്ടില്ലെന്നും എന്നാൽ പിണറായി വിജയന്റെ ഭാര്യയും മകളും സ്വർണക്കള്ളക്കടത്തിൽ പ്രതിയാണെന്ന് പറഞ്ഞിരിക്കുന്നത് കേസിലെ രണ്ടാം പ്രതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.