തൊഴിലാളികള്‍ക്ക് ശമ്പളമില്ലെങ്കില്‍ സൂപ്പര്‍ വൈസറി തസ്തികയിലുള്ളവര്‍ക്കും വേണ്ട; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസിയിലെ സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്ക് മാത്രം ശമ്പളം നല്‍കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇക്കാര്യ കെഎസ്ആര്‍ടിസി ഉറപ്പാക്കണം. കെഎസ്ആര്‍ടിസിയുടെ ആസ്തിവിവരം വേണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവിലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ നഷ്ടത്തിലാകുമ്പോള്‍ വരാനിരിക്കുന്നവയെ ജനം വിമര്‍ശിക്കന്നത് സാധാരണമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ജീവനക്കാരുടെ കണ്ണീര്‍ ആരെങ്കിലും കാണണം. ശമ്പളം കിട്ടാതെ ജീവനക്കാര്‍ക്ക് എങ്ങനെ ജീവിക്കാനാകും? ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയത്? കെഎസ്ആര്‍ടിസി പോലെ ഇത്രയും പ്രശ്‌നങ്ങള്‍ ഉള്ള ഒരു സ്ഥാപനത്തില്‍ അത് വേണമായിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചു.

‘മാനേജ്‌മെന്റ് എന്ന് പറഞ്ഞാല്‍ വെറുതെ ഒപ്പിട്ടാല്‍ മാത്രം പോരാ. കെഎസ്ആര്‍ടിസി ലാഭകരമാക്കാന്‍ ഉള്ള തന്ത്രങ്ങള്‍ കൂടി വേണം. പല ഡിപ്പോകളിലും അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇപ്പോഴില്ല. എന്തുകൊണ്ടാണ് സ്വകാര്യ ബസ്സുകള്‍ ഇവിടെ നല്ല രീതിയില്‍ നിലനില്‍ക്കുന്നത്? കെഎസ്ആര്‍ടിസി ഓരോ സമയത്ത് ഓരോന്ന് കാട്ടിക്കൂട്ടുകയാണ്. ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാനാണ് ഇത് ചെയ്യുന്നത്’- കോടതി വിമര്‍ശിച്ചു.