നോട്ടീസ് നല്‍കിയില്ല; വിജിലന്‍സ് ബലമായി പിടിച്ചുകൊണ്ട് പോയെന്ന് സരിത്ത്‌

ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം എന്ന് പറഞ്ഞ് തന്നെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പി.എസ് സരിത്ത് പറഞ്ഞു. സ്വപ്ന സുരേഷിന്റെ ഫ്ലാറ്റില്‍ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വിജിലന്‍സ് കൊണ്ടുപോയത്. ചെരുപ്പിടാന്‍ പോലും അനുവദിച്ചില്ല. ലൈഫ് മിഷനെക്കുറിച്ച് ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല. സ്വപ്ന മൊഴി കൊടുത്തത് ആരുടെ നിര്‍ദേശപ്രകാരമെന്ന് ചോദിച്ചു. ബലപ്രയോഗം സിസിടിവി പരിശോധിച്ചാല്‍ മനസിലാകും. ഇതിന് മുമ്പ് വിജിലന്‍സ് ഒരു നോട്ടീസും വിജിലന്‍സ് നല്‍കിയില്ലെന്നും സരിത്ത് വ്യക്തമാക്കി.

അതേസമയം, രണ്ടരമണിക്കൂറോളം സരിത്തിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ഈ മാസം 16-ാം തീയതി തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ സരിത്തിനോട് ഹാജരാകാന്‍ വിജിലന്‍സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സരിത്തിനെ നിയമവിരുദ്ധമായി ഒരു സംഘം കസ്റ്റഡിയിലെടുത്തെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാണിച്ച് സരിത്തിന്റെ ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയായിരുന്നു. നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനിച്ചത്. സരിത്ത് എവിടെയാണെന്നറിയില്ല, ആരാണ് കൊണ്ടുപോയതെന്നറിയില്ല, മുന്നറിയിപ്പ് നല്‍കിയില്ല, തന്റെ മകന്റെ ജീവന് ഭീഷണിയുണ്ട്, അതിനാല്‍ത്തന്നെ മകനെ ഉടനടി തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടാണ് സരിത്തിന്റെ അമ്മ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയത്.