മതവികാരം വ്രണപ്പെടുത്തരുത്, ഭാഷയിലും സംയമനം പാലിക്കണം; വക്താക്കൾക്ക് മാർ​ഗ നിർദേശങ്ങളുമായി ബിജെപി

ന്യൂഡൽഹി: വേതാക്കൾക്കും വക്താക്കൾക്കും നിയന്ത്രണങ്ങളുമായി ബിജെപി. മുഹമ്മദ് നബിക്ക് എതിരായ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് ബിജെപി ഇത്തരമൊരു നിർദ്ദേശം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. തുടർന്നാണ് പാർട്ടി പുതിയ നടപടികൾ സ്വീകരിച്ചത്. അതേസമയം വിവാദ പരാമർശം നടത്തിയ പാർട്ടി വക്താവ് നൂപുർ ശർമ്മയെ ബിജെപി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

മറ്റ് മതങ്ങളേയോ അവരുടെ ചിഹ്നങ്ങളേയോ വ്യക്തികളേയോ വിമർശിക്കുന്നതിനെതിരെ വക്താക്കൾക്ക് ബിജെപി മുന്നറിയിപ്പ് നൽകുകയും ചെയ്തു. പാനലിസ്റ്റുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ കഴിഞ്ഞ എട്ട് വർഷത്തെ പ്രവർത്തനങ്ങൾ ഉയർത്തിക്കാണിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും പാർട്ടി അറിയിച്ചു. ടെലിവിഷൻ ചർച്ചകളിൽ പാനലിസ്റ്റുകൾ അനാവശ്യമായ അമിതപ്രസംഗത്തിൽ ഏർപ്പെടരുത്. ഭാഷയിലും സംയമനം പാലിക്കേണ്ടതുണ്ട്. ഒരുതരത്തിലുള്ള പ്രകോപനത്തിനും പാർട്ടിയുടെ പ്രത്യയശാസ്ത്രമോ ആദർശങ്ങളോ ലംഘിക്കാനാവില്ലെന്നും പാർട്ടി അറിയിച്ചു.

ടെലിവിഷൻ ചർച്ചകളിൽ തങ്ങൾക്ക് ലഭിച്ച വിഷയത്തെക്കുറിച്ച് ആദ്യം പരിശോധിക്കണം. പാർട്ടിയുടെ നയം എന്താണെന്ന് മനസിലാക്കിയതിന് ശേഷം മാത്രമെ വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിക്കേണ്ടതുള്ളൂ. വക്താക്കൾ സർക്കാരിന്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബിജപി നിർദ്ദേശം നൽകി.