ഔറംഗബാദ്: ബി ജെ പി മുന്‍ വനിത നേതാവിന്റെ നബിവിരുദ്ധ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി അസദുദ്ദീന്‍ ഒവൈസി. പ്രധാനമന്ത്രി ഇന്ത്യന്‍ മുസ്ലീങ്ങള്‍ പറയുന്നത് കേട്ടില്ലെന്നും വിദേശ രാജ്യങ്ങള്‍ പ്രതികരിക്കുമ്‌ബോള്‍ മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
‘വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. നൂപുര്‍ ശര്‍മ്മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവരെ അറസ്റ്റ് ചെയ്യണം. ബി ജെ പി മുന്‍ വക്താവ് കൂടിയായ ശര്‍മയെ സസ്പെന്‍ഡ് ചെയ്യുകയും ജിന്‍ഡാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തത് അവരുടെ പ്രസ്താവനകളില്‍ വിദേശ രാജ്യങ്ങളില്‍ രോഷം ഉയര്‍ന്നപ്പോള്‍ മാത്രമാണ്. പ്രധാനമന്ത്രി ഈ രാജ്യത്ത് താമസിക്കുന്ന മുസ്ലീങ്ങളെ ശ്രദ്ധിക്കാത്തതില്‍ ഞങ്ങള്‍ക്ക് നീരസമുണ്ട്. എന്നാല്‍, വിദേശ രാജ്യങ്ങളിലെ ആളുകളുടെ രോഷം സോഷ്യല്‍ മീഡിയയില്‍ വന്നപ്പോള്‍ നടപടി സ്വീകരിച്ചു. ആരോപണങ്ങള്‍ ഉന്നയിച്ച് പത്ത് ദിവസത്തിന് ശേഷമാണ് നേതാക്കള്‍ക്കെതിരെ ബി ജെ പി നടപടി സ്വീകരിച്ചത്. നേതാക്കള്‍ ഉപയോഗിച്ച ഭാഷ തെറ്റാണെന്ന് കരുതുന്നുവെങ്കില്‍, അവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. രണ്ട് നേതാക്കളെയും ആറോ എട്ടോ മാസങ്ങള്‍ക്ക് ശേഷം തിരിച്ച് പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ നല്‍കി പ്രവേശിപ്പിക്കരുത്’- അദ്ദേഹം ആവശ്യപ്പെട്ടു.

