തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ ഗുരുതര ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ‘വാദിയും പ്രതിയുമില്ലാത്ത കേസാണത്. ഇഡി ഒന്നര വര്‍ഷം അന്വേഷിച്ച കേസാണ്. തെളിവ് ഉണ്ടെങ്കില്‍ ഇഡിക്ക് കൊടുക്കട്ടെ. ബിജെപി ഇടതുമുന്നണി സര്‍ക്കാരിനെതിരെ രാഷ്ട്രീയമായി കൊണ്ടുവന്ന കേസാണ്. കേസിന്റെ അന്വേഷണ ഘട്ടങ്ങള്‍ എല്ലാം കഴിഞ്ഞതാണ്’- കാനം പ്രതികരിച്ചു.
അതേസമയം, സ്വപ്നയുടെ മൊഴിയില്‍ കോടതി മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്ന് കെ. മുരളീധരന്‍ എം പി വ്യക്തമാക്കി. ‘കള്ളന്‍ ബിരിയാണി ചെമ്പില്‍ നിന്ന് പുറത്ത് വരണം. മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണ്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരാതെ പ്രസ്താവന നല്‍കിയത് സംശയം ജനിപ്പിക്കുന്നു. ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ കെ. കരുണാകരനും, ഉമ്മന്‍ ചാണ്ടിയും മാധ്യമങ്ങളുടെ മുന്‍പില്‍ എത്തിയിരുന്നു’- മുരളീധരന്‍ അഭിപ്രായപ്പെട്ടു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയുടെ ആരോപണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും കുടുംബവും അഗ്‌നിശുദ്ധി വരുത്തണം. സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ന്നു. ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, സ്വപ്നയുടെ ആരോപണത്തിന് പിനില്‍ ഗൂഢാലോചനയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആഞ്ഞടിച്ചു. ‘വര്‍ഗീയ ശക്തികള്‍ ഉള്‍പ്പെടുന്ന ഗൂഢാലോചന സര്‍ക്കാര്‍ അന്വേഷിക്കണം. മുഖ്യമന്ത്രി രാജി വയ്‌ക്കേണ്ടതില്ല. അടിസ്ഥാന രഹിതമായ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പോലും പറയേണ്ട. പി.സി ജോര്‍ജിന്റെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. തുല്യ ദുഖിതര്‍ ഒരുമിക്കുകയാണ്’- അദ്ദേഹം പരിഹസിച്ചു.

