ടൈറ്റന്‍സ് ഫൈനലില്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍. ഒന്നാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് അരങ്ങേറ്റ സീസണില്‍ത്തന്നെ ഗുജറാത്ത് കിരീടപ്പോരിന് ടിക്കറ്റെടുത്തത്.
ഡേവിഡ് മില്ലറും (38 പന്തില്‍ 68) ക്യാപ്റ്റര്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് (27 പന്തില്‍ 40) വിജയത്തിലേക്ക് ബാറ്റ് വീശിയത്. നാലാം വിക്കറ്റില്‍ ഇരുവരും 106 റണ്‍ ചേര്‍ത്തു. അവസാന ഓവറില്‍ 16 റണ്‍ വേണമായിരുന്നു. ആദ്യ മൂന്ന് പന്തും സിക്‌സര്‍ പായിച്ച് മില്ലര്‍ ജയമുറപ്പിച്ചു. സ്‌കോര്‍: രാജസ്ഥാന്‍ 6 – 188, ഗുജറാത്ത് 3 – 191 (19.3)

തോറ്റെങ്കിലും സഞ്ജു സാംസണിനും കൂട്ടര്‍ക്കും ഇനിയും പ്രതീക്ഷയുണ്ട്. ഇന്ന് നടക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്–ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് എലിമിനേറ്റര്‍ വിജയികളെ രണ്ടാം ക്വാളിഫയറില്‍ നേരിടാം.

പ്രാഥമികഘട്ടത്തില്‍ കാട്ടിയ സ്ഥിരതയാര്‍ന്ന പ്രകടനം നിര്‍ണായക മത്സരത്തിലും ഗുജറാത്ത് തുടര്‍ന്നു. രാജസ്ഥാന്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തിയിട്ടും പതറാതെ പിന്തുടര്‍ന്നു. മില്ലര്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും പറത്തി. ശുഭ്മാന്‍ ഗില്ലും മാത്യു വെയ്ഡും 35 റണ്‍ വീതമടിച്ചു. സഞ്ജുവിന്റെയും (26 പന്തില്‍ 47) ജോസ് ബട്‌ലറുടെയും (56 പന്തില്‍ 89) മികവിലാണ് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 188 റണ്ണടിച്ചത്. സഞ്ജു മൂന്ന് സിക്‌സറും അഞ്ച് ഫോറും പായിച്ചു. തുടക്കം വിറച്ച ബട്‌ലര്‍ അവസാന ഓവറുകളിലാണ് കത്തിക്കയറിയത്. രണ്ട് സിക്‌സറും 12 ഫോറും ആ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടു. വെള്ളിയാഴ്ചയാണ് രണ്ടാം ക്വാളിഫയര്‍. ഫൈനല്‍ ഞായറാഴ്ച അഹമ്മദാബാദില്‍.