ചേതന്‍ ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയ നീചാ നഗര്‍ (1946) ആയിരുന്നു ആദ്യ കാന്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ ചിത്രം. ഗ്രാന്‍ഡ് പ്രീ പുരസ്‌കാരമാണ് ചിത്രം നേടിയത്. ഇന്ന് പാം ഡി ഓര്‍ എന്ന് അറിയപ്പെടുന്ന ആ വലിയ ബഹുമതി ചേതന്‍ ആനന്ദ് പങ്കുവെച്ചത് സാക്ഷാല്‍ ഡേവിഡ് ലീനുമായിട്ടായിരുന്നു. ലീനിന്റെ ആണ് അന്ന് പുരസ്‌കാരവേദിയില്‍ ആദരിക്കപ്പെട്ടത്. കാമിനി കൗശലും സോറ സെഹ്ഗാളും റഫീഖ് അന്‍വറുമാണ് നീചാ നഗറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമൂഹത്തിലെ ഉച്ചനീചത്വം പ്രമേയമാക്കിയ സിനിമ ഇന്ത്യയില്‍ പ്രദര്‍ശിക്കപ്പെട്ടിരുന്നില്ല.
1956ലാണ് പാം ഡി ഓര്‍ പിന്നെ എത്തുന്നത്. സത്യജിത് റേയുടെ പഥേര്‍ പഞ്ചാലിയായിരുന്നു ചിത്രം. അപുവും ദുര്‍ഗയും പിന്നെ അവരുടെ ഗ്രാമവും ദാരിദ്ര്യവും ഒരിക്കല്‍ കൂടി കാനിന്റെ അംഗീകാരം ഇന്ത്യയിലെത്തിച്ചു. ലോകസിനിമയിലെ തന്നെ തലയെടുപ്പുള്ള സിനിമ നേടിയത് മികച്ച മാനവരേഖക്കുള്ള പാം ഡി ഓര്‍ ആയിരുന്നു. കാന്‍ മേളയിലെ തലയെടുപ്പുള്ള മറ്റൊരു അംഗീകാരം, പ്രീ ഇന്റര്‍നാഷണല്‍ 1954ല്‍ തന്നെ ഇന്ത്യന്‍ സിനിമക്ക് കിട്ടിയിരുന്നു. എക്കാലത്തേയും ക്ലാസിക്കായ ദോ ബീഗാ സമീന്‍ എന്ന ബിമല്‍ റോയ് ചിത്രത്തിലൂടെ. പാടം ചതിച്ചപ്പോള്‍ പട്ടണത്തിലെത്തിയ കുടുംബത്തിന്റെ അതിജീവനം പറഞ്ഞ സിനിമ എന്നും സിനിമാകൗതുകികള്‍ക്ക് പ്രിയപ്പെട്ടതാണ്. കൊല്‍ക്കത്തയില്‍ റിക്ഷ വലിച്ചു ശീലിച്ച ബല്‍രാജ് സാഹ്നിയുടെ ആത്മസമര്‍പ്പണം എന്നും സിനിമാപ്രേമികള്‍ക്ക് പാഠപുസ്തകവും.

