തായ്‌വാനെ ആക്രമിക്കാനുള്ള തയ്യാറെടുപ്പുകളുമായി ചൈന; രഹസ്യ യോഗത്തിന്റെ വീഡിയോ പുറത്ത്

ബെയ്ജിംഗ്: തായ്‌വാനെ ആക്രമിക്കാനുള്ള തയ്യാറെടുപ്പുകളുമായി ചൈന. ചൈനീസ് ഉന്നത സൈനികോദ്യോഗസ്ഥർ തായ്വാനിൽ ആക്രമണം നടത്താനായി ആലോചന നടത്തുന്ന വീഡിയോ പുറത്തു വന്നു. ചൈനീസ് മനുഷ്യാവകാശ പ്രവർത്തകയായ ജെന്നിഫർ സെംഗ് ആണ് വീഡിയോ പുറത്തുവിട്ടത്. 57 മിനുട്ടാണ് വീഡിയോയുടെ ദൈർഘ്യം. മെയ് 14 നാണ് ഈ യോഗം നടന്നത്.

തായ്‌വാനെതിരെ സൈനിക ആസൂത്രണവും യുദ്ധവിന്യാസവും എങ്ങനെ വേണമെന്ന രഹസ്യ യോഗമാണ് ഉന്നത ഉദ്യോഗസ്ഥൻ നടത്തിയത്. പാർട്ടി സെൻട്രൽ കമ്മിറ്റിയുടെയും പ്രസിഡന്റ് ഷിയുടെയും ഉത്തരവുകൾ നിശ്ചയദാർഢ്യത്തോടെ നടപ്പാക്കുക, നിർണായകമായ വിജയം കൈവരിക്കാൻ മുന്നേറുക എന്നതാണ് സൈനിക മേധാവികൾക്ക് യോഗത്തിൽ ലഭിച്ച നിർദ്ദേശമെന്നാണ് വീഡിയോയിൽ പറയുന്നത്. രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും ദൃഢനിശ്ചയത്തോടെ സംരക്ഷിക്കാൻ തായ്‌വാനെതിരെ ഒരു യുദ്ധം ആരംഭിക്കാനും അവരുടെ സ്വാതന്ത്ര്യം തകർക്കാനും ശത്രുക്കളുടെ തന്ത്രങ്ങളെ ഇല്ലാതാക്കാനും തങ്ങൾ മടിക്കില്ലെന്നാണ് സൈനിക മേധാവികൾ വീഡിയോയിൽ വ്യക്തമാക്കുന്നത്.

1,40,000 കരസേനയും 953 കപ്പലുകളും ഡ്രോൺ ഉൾപ്പെടെ മനുഷ്യരഹിതമായ 1653 യൂണിറ്റ് യുദ്ധോപകരണങ്ങളും തായ്‌വാന്റെ കര-നാവിക അതിർത്തിയിൽ വിന്യസിക്കുന്നതിനെ കുറിച്ചുള്ള പദ്ധതിയും യോഗത്തിൽ ചർച്ചാ വിഷയമായി.