അഭിമാന നേട്ടം; ഇന്ത്യയിലെ ആശ പ്രവർത്തകർക്ക് പുരസ്കാരവുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ഇന്ത്യയിലെ ആശ പ്രവർത്തകർക്ക് അംഗീകാരവുമായി ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ആശ പ്രവർത്തകർക്ക് ലോകാരോഗ്യ സംഘടന ആരോഗ്യമേഖലയിലെ അതുല്യ സേവനത്തിനുള്ള പുരസ്‌കാരം നൽകി. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആറ് അവാർഡുകളിൽ ഒന്നാണ് ആശ പ്രവർത്തകർക്ക് ലഭിച്ചത്.

ഗ്രാമീണ ഇന്ത്യയിൽ നൽകുന്ന ആരോഗ്യ സേവനങ്ങൾക്കും കൊവിഡ് കാലത്തെ അസാധാരണ പ്രവർത്തനത്തിനുമുള്ള അംഗീകാരമായാണ് പുരസ്‌കാരം സമ്മാനിച്ചത്. ജനീവയിൽ ലോകാരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ സംഘടനയുടെ മേധാവി റ്റെഡ്‌റോസ് അധാനോമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വിലമതിക്കാനാവാത്ത സേവനമാണ് ഇന്ത്യയിലെ ആശ സേന കോവിഡ് വൈറസ് വ്യാപന സമയത്ത് നൽകിയതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അതേസമയം, അഫ്ഗാനിസ്ഥാനിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച പോളിയോ വാക്‌സിൻ ദൗത്യ സംഘത്തിനും ലോകാരോഗ്യ സംഘടന പുരസ്‌കാരം നൽകി.