തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകളില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. കേരളത്തില്‍ വികസനം കുടിലുകളിലെത്തിച്ചത് പിണറായി സര്‍ക്കാരാണ്. റോഡും പാലവും മാത്രമല്ല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ക്കും പിണറായി സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്’- കോടിയേരി പറഞ്ഞു.
കെ-റെയില്‍ കല്ലിടലില്‍ നിന്നും പിന്നോട്ട് പോയെങ്കിലും പദ്ധതിയുമായി മുന്നോട്ട് തന്നെ പോകും. കരുതിയതെല്ലാം സാധ്യമാക്കിയ സര്‍ക്കാരാണിത്. കേരളത്തില്‍ നടപ്പാക്കിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ ചൂണ്ടിക്കാട്ടി അദ്ദേഹം സൂചിപ്പിച്ചു.
‘ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കെ-റെയില്‍ സര്‍വേ നടത്തും. അതിനായി പണം സര്‍ക്കാര്‍ കണ്ടെത്തും. ഇടത് സര്‍ക്കാര്‍ കെ റെയിലിന് വേണ്ടി ഭൂമി നഷ്ടപെടുന്നവര്‍ക്കൊപ്പമാണ്. നഷ്ടപരിഹാരമായി ഇപ്പോള്‍ പ്രഖ്യാപിച്ചതിനെക്കാള്‍ തുക നല്കണമെന്നാണെങ്കില് അതും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കേരളത്തില്‍ മൂന്നാം ഇടതു സര്‍ക്കാര്‍ വരാതിരിക്കാന്‍ കെ. റെയിലിനെതിരായ രാഷ്ടീയ സമരം വിമോചന സമരമാക്കാന്‍ ഒരു വിഭാഗം ശ്രമിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടത് മുന്നണിക്ക് അനുകൂലമായ ജനവിധി കെ-റെയില്‍ പദ്ധതിക്ക് ജനങ്ങള്‍ അനുകൂലമാണെന്നാണ് സൂചിപ്പിക്കുന്നത്’- കോടിയേരി കൂട്ടിച്ചേര്‍ത്തു.

