തുടർച്ചയായുള്ള ഭീകരാക്രമണങ്ങൾ; : കറാച്ചി സർവകലാശാലയിലെ മാൻഡരിൻ പഠിപ്പിക്കുന്ന പൗരന്മാരെയെല്ലാം തിരികെ വിളിപ്പിച്ച് ചൈന

കറാച്ചി: കറാച്ചി സർവകലാശാലയിലെ മാൻഡരിൻ പഠിപ്പിക്കുന്ന പൗരന്മാരെയെല്ലാം തിരികെ വിളിപ്പിച്ച് ചൈന. തുടർച്ചയായുള്ള ഭീകരാക്രമണങ്ങൾക്ക് പിന്നാലെയാണ് ചൈനയുടെ നടപടി. ആഴ്ച്ചകൾക്ക് മുൻപ് സർവകലാശാലയിലെ ചാവേർ ആക്രമണത്തിൽ മൂന്ന് അദ്ധ്യാപകരടക്കം നാലു പേരാണ് മരിച്ചത്.

പാകിസ്താനിൽ നിരോധിക്കപ്പെട്ട ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുമായി ബന്ധമുളള മജീദ് ബ്രിഗേഡാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത്.

അതേസമയം, കറാച്ചി സർവകലാശാലയിലെ ചൈനീസ് ഭാഷ പഠിപ്പിക്കുന്ന മറ്റ് കേന്ദ്രങ്ങളിലെ അദ്ധ്യാപകരും കഴിഞ്ഞ ദിവസം തന്നെ ചൈനയിലേക്ക് മടങ്ങിയിരുന്നു. ഏതാണ്ട് 500 വിദ്യാർത്ഥികൾ സർവകലാശാലയിൽ നിലവിൽ മാൻഡരിൻ പഠിക്കുന്നുണ്ടെന്ന് കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.നസീർ ഉദ്ദിൻ വ്യക്തമാക്കി. അദ്ധ്യാപകർ മടങ്ങുന്നത് ഈ കുട്ടികളുടെ പഠനത്തെ കാര്യമായിത്തന്നെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ പൗരന്മാർക്ക് നേരെ പാകിസ്താനിൽ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങളിൽ ചൈന രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരുന്നത്.