ന്യൂഡൽഹി: അന്താരാഷ്ട്ര ബുദ്ധമത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ – നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സൗഹൃദം മാനവരാശിക്ക് തന്നെ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിർത്തികൾക്കപ്പുറമാണ് ബുദ്ധൻ. അദ്ദേഹം എല്ലായിടത്തുമുണ്ട്. മാനവികതയുടെ അന്തസത്തയുടെ പ്രതിരൂപമാണ് ബുദ്ധൻ. നേപ്പാളിലെ പർവതങ്ങൾക്ക് സമാനമായ ഉയരം നമ്മുടെ ബന്ധങ്ങൾക്ക് നൽകണം. നേപ്പാൾ ഇല്ലാതെ രാമദേവൻ പോലും അപൂർണമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ബുദ്ധന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാളിലെത്തിയത്. മായാദേവി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. ബൗദ്ധ വിഹാരത്തിൽ ഇന്ത്യ നിർമ്മിക്കുന്ന സാംസ്‌ക്കാരിക കേന്ദ്രത്തിന് അദ്ദേഹം തറക്കല്ലിട്ടു. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദെയ്ബയുമായും അദ്ദേഹം ചർച്ച നടത്തി. വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും നേപ്പാളും ആറ് കരാറുകളിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ റെയിൽ പാത നിർമ്മാണത്തിന്റെ പുരോഗതിയും അദ്ദേഹം വിലയിരുത്തി.

