തിരുവനന്തപുരം: സംസ്ഥാനത്ത് ആംആദ്മി- ട്വന്റി ട്വന്റി പാർട്ടികളുടെ നാലാം മുന്നണി പ്രഖ്യാപനത്തിനെതിരെ പരിഹാസവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നാലാം മുന്നണി ചായക്കോപ്പായിലെ കൊടുങ്കാറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രീയത്തെ അരവിന്ദ് കെജ്രവാൾ ചെറുതായി കാണരുതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. അതേസമയം, കേരളത്തിൽ ‘ആം ആദ്മി’ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ട്വന്റി ട്വന്റി സംഘടിപ്പിച്ച ‘ജനസംഗമം’ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
എഎപി അതിവേഗം വളരുകയാണ്. ആംആദ്മി സർക്കാർ ഡൽഹിയിൽ 3 പ്രാവശ്യം അധികാരത്തിൽ എത്തി. പഞ്ചാബിലും സർക്കാർ രൂപികരിച്ചു. പാർട്ടി സത്യത്തിനൊപ്പമാണ്. എല്ലാം ഈശ്വര കൃപയാണെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ ഒരു വർഷം കൊണ്ട് സർക്കാർ ഉണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞു. ഡൽഹിയിലെ അഴിമതി തുടച്ച് നീക്കി. ജനോപകാരപ്രദമായ പല പദ്ധതികളും നടപ്പിലാക്കി. പഞ്ചാബിലും ജനം ആം ആദ്മിയെ തെരഞ്ഞെടുത്തു. രണ്ട് സംസ്ഥാനങ്ങളിലും സാധാരണക്കാരൻ വലിയ നേതാക്കളെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ആം ആദ്മി പാര്‍ട്ടിക്കും ട്വന്റി ട്വന്റിക്കും ഒരിക്കലും ഇടത് മുന്നണിയോട് യോജിക്കാൻ കഴിയില്ലെന്നും അതിനാൽ തൃക്കാക്കരയിൽ പുതിയ മുന്നണിയുടെ പിന്തുണ കോൺഗ്രസ് തേടുകയാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിരുന്നു. ഡൽഹി പോലെയുള്ള സാഹചര്യമല്ല കേരളത്തിലുള്ളതെന്നും അതിനാൽ നാലാം ബദലിനുള്ള സാധ്യത കേരളത്തിൽ കുറവാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ആം ആദ്മിക്ക് കേരളത്തിൽ വലിയ കടന്നുകയറ്റം സാധ്യമല്ല. അതിനാൽ പുതിയ മുന്നണി കേരളത്തിൽ വെല്ലുവിളിയാകില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

