തിരുവനന്തപുരം: കോൺഗ്രസിനെതിരെ പരിഹാസവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. നേതാക്കളുടെ അനുഭവ സമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാർത്ഥിയാക്കാൻ പാടില്ലെന്ന കോൺഗ്രസിന്റെ ചിന്തിൻ ശിബിരത്തിലെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പിൻവലിക്കുമോയെന്ന് അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കോൺഗ്രസിന്റെ ചിന്തൻ ശിബിരം കേരളത്തിലെ കോൺഗ്രസുകാർക്ക് പാരയായി. നേതാക്കളുടെ അനുഭവസമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാർത്ഥിയാക്കാൻ പാടില്ലെന്ന നിർദ്ദേശം ചിന്തൻ ശിബിരത്തിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിലെ കോൺഗ്രസുകാർക്ക് എതിർക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല. യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കിയത്. പി ടി തോമസ് ജീവിച്ചിരുന്ന കാലത്ത് കുടുംബവാഴ്ചയെയും ഇതുപോലെയുള്ള ബന്ധുത്വ സ്ഥാനാർത്ഥി നിർണയത്തെയും എതിർത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ വി തോമസ് ഉയർത്തിവിട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കെപിസിസിയ്ക്ക് കഴിയുന്നില്ല. ഡിസിസി ജനറൽ സെക്രട്ടറി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ തോമസിനോടൊപ്പം കോൺഗ്രസ് വിട്ടു. ഇടതുപക്ഷവുമായി അവർ സഹകരിക്കുകയും ചെയ്യുന്നു. ഇപ്പോൾ നിർത്തിയിരിക്കുന്ന സ്ഥാനാർത്ഥിക്ക് എന്ത് യോഗ്യതയാണ് എന്ന ചോദ്യമാണ് ഇവരെല്ലാം ഉയർത്തുന്നത്. ആ ചോദ്യം തന്നെയല്ലെ ചിന്തൻ ശിബിരത്തിലെ ബന്ധുക്കൾക്ക് സ്ഥാനാർത്ഥിത്വം നൽകരുതെന്ന നിർദ്ദേശത്തിലും അടങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെ പി സി സി നേതൃത്വം കരുതിയിരുന്നത് സഹതാപതരംഗം ഉണ്ടാകുമെന്നാണ്. തൃക്കാക്കരയിലെ ജനങ്ങൾ അത് തള്ളിക്കളഞ്ഞു. അവർ വികസനത്തോടൊപ്പമാണെന്ന് തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ തെളിഞ്ഞു കൊണ്ടിരിക്കയാണ്. തൃക്കാക്കരയിലെ വോട്ടർമാർ തള്ളിക്കളഞ്ഞ കാര്യം, ഇപ്പോൾ എ ഐ സി സി യും അതേ നിലപാട് സ്വീകരിക്കുക വഴി കെ പി സി സി നേതൃത്വത്തെയാണ് വെട്ടിലാക്കിയത്. എന്തായാലും തൃക്കാക്കരയിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ പരാജയമായിരിക്കുമെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
നേതാക്കളുടെ ബന്ധുക്കൾക്ക് സ്ഥാനാർത്ഥിയാകാൻ കോൺഗ്രസിൽ വിലക്ക്- തൃക്കാക്കര സ്ഥാനാർത്ഥിയെ പിൻവലിക്കുമോ?
കോൺഗ്രസിന്റെ ചിന്തൻ ശിബിരം കേരളത്തിലെ കോൺഗ്രസുകാർക്ക് പാരയായി. നേതാക്കളുടെ അനുഭവസമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാർത്ഥിയാക്കാൻ പാടില്ലെന്ന നിർദ്ദേശം ചിന്തൻ ശിബിരത്തിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിലെ കോൺഗ്രസുകാർക്ക് എതിർക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല. യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കിയത്. പി ടി തോമസ് ജീവിച്ചിരുന്ന കാലത്ത് കുടുംബവാഴ്ചയെയും ഇതുപോലെയുള്ള ബന്ധുത്വ സ്ഥാനാർത്ഥി നിർണയത്തെയും എതിർത്തതാണ്.
കെ വി തോമസ് ഉയർത്തിവിട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കെ പി സി സി ക്ക് ആവുന്നില്ല. ഡിസിസി ജനറൽ സെക്രട്ടറി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ തോമസിനോടൊപ്പം കോൺഗ്രസ് വിട്ടു, ഇടതുപക്ഷവുമായി സഹകരിക്കുകയും ചെയ്യുന്നു. ഇപ്പോൾ നിർത്തിയിരിക്കുന്ന സ്ഥാനാർത്ഥിക്ക് എന്ത് യോഗ്യതയാണ് എന്ന ചോദ്യമാണ് ഇവരെല്ലാം ഉയർത്തുന്നത്. ആ ചോദ്യം തന്നെയല്ലെ ചിന്തൻ ശിബിരത്തിലെ ബന്ധുക്കൾക്ക് സ്ഥാനാർത്ഥിത്വം നൽകരുതെന്ന നിർദ്ദേശത്തിലും അടങ്ങിയിരിക്കുന്നത്. കെ പി സി സി നേതൃത്വം കരുതിയിരുന്നത് സഹതാപതരംഗം ഉണ്ടാകുമെന്നാണ്. തൃക്കാക്കരയിലെ ജനങ്ങൾ അത് തള്ളിക്കളഞ്ഞു. അവർ വികസനത്തോടൊപ്പമാണെന്ന് തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ തെളിഞ്ഞു കൊണ്ടിരിക്കയാണ്. തൃക്കാക്കരയിലെ വോട്ടർമാർ തള്ളിക്കളഞ്ഞ കാര്യം, ഇപ്പോൾ എ ഐ സി സി യും അതേ നിലപാട് സ്വീകരിക്കുക വഴി കെ പി സി സി നേതൃത്വത്തെയാണ് വെട്ടിലാക്കിയത്. എന്തായാലും തൃക്കാക്കരയിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ പരാജയമായിരിക്കും.

