കേരളത്തിൽ ആം ആദ്മി സർക്കാർ രൂപീകരിക്കാൻ കഴിയും; എഎപി അതിവേഗം വളരുകയാണെന്ന് അരവിന്ദ് കെജ്രിവാൾ

കൊച്ചി: കേരളത്തിൽ ‘ആം ആദ്മി’ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എഎപി അതിവേഗം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ട്വന്റി സംഘടിപ്പിച്ച ‘ജനസംഗമം’ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ആംആദ്മി സർക്കാർ ഡൽഹിയിൽ 3 പ്രാവശ്യം അധികാരത്തിൽ എത്തി. പഞ്ചാബിലും സർക്കാർ രൂപികരിച്ചു. പാർട്ടി സത്യത്തിനൊപ്പമാണ്. എല്ലാം ഈശ്വര കൃപയാണെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ ഒരു വർഷം കൊണ്ട് സർക്കാർ ഉണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞു. ഡൽഹിയിലെ അഴിമതി തുടച്ച് നീക്കി. ജനോപകാരപ്രദമായ പല പദ്ധതികളും നടപ്പിലാക്കി. പഞ്ചാബിലും ജനം ആം ആദ്മിയെ തെരഞ്ഞെടുത്തു. രണ്ട് സംസ്ഥാനങ്ങളിലും സാധാരണക്കാരൻ വലിയ നേതാക്കളെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലും മാറ്റം വരേണ്ടതുണ്ട്. ഡൽഹിയിലേതിന് സമാനമായി സൗജന്യ വൈദ്യുതി, സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ എന്നിവ കേരളത്തിലും വേണ്ടേയെന്ന് കെജ്രിവാൾ ചോദിക്കുന്നു. സർക്കാർ സ്‌കൂൾ മികവുറ്റതാക്കുകയും സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുകയും ചെയ്തു. ഇവയെല്ലാം കേരളത്തിനും ലഭിക്കും. ജനങ്ങളുടെ അനുഗ്രഹം ഇക്കഴിഞ്ഞ വർഷങ്ങളിൽ തനിക്ക് ലഭിച്ചുവെന്നും ഇതല്ലാതെ മറ്റൊന്നും തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആം ആദ്മി – ട്വന്റി ട്വന്റി സഖ്യവും അദ്ദേഹം പ്രഖ്യാപിച്ചു. ജനക്ഷേമ സഖ്യം എന്നാണ് മുന്നണിയുടെ പേര്.