കേരളത്തിൽ വേരുറപ്പിക്കാൻ ആംആദ്മി; അരവിന്ദ് കെജ്രിവാൾ കൊച്ചിയിൽ

കൊച്ചി: കേരളത്തിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ സാധ്യതകൾ തേടി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി (എഎപി) നേതാവുമായ അരവിന്ദ് കെജ്രിവാൾ. കിഴക്കമ്പലത്ത് നടക്കുന്ന ട്വന്റി 20യുടെ പൊതുസമ്മേളനത്തിൽ കെജ്രിവാൾ മുഖ്യാതിഥിയാകും. ട്വന്റി 20യുമായി ചേർന്നു കേരളത്തിൽ പുതിയ ബദലിനുള്ള എഎപിയുടെ കളമൊരുക്കൽ കൂടിയാകും കിഴക്കമ്പലത്തെ പൊതുസമ്മേളനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നാലാം മുന്നണി രൂപീകരിക്കാനും കേരളത്തിൽ ഭരണം പിടിക്കാനുമാണു ലക്ഷ്യമിടുന്നതെന്നു കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി നേതാക്കൾ അറിയിച്ചിരുന്നു.

എഎപി ട്വന്റി20 സഖ്യത്തിന്റെ തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാട് പൊതുസമ്മേളനത്തോടെ വ്യക്തമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. സാബു ജേക്കബിനൊപ്പം സമ്മേളനത്തിൽ അരവിന്ദ് കെജ്രിവാൾ വേദി പങ്കിടും. കെജ്രിവാളിന് വലിയ സ്വീകാര്യമാണ് കൊച്ചിയിൽ ആംആദ്മി പ്രവർത്തകർ നൽകിയത്. യുഡിഎഫിനും എൽഡിഎഫിനും ബദലായി, എൻഡിഎയെ മറികടന്ന്, നാലാം മുന്നണിയാകാനുള്ള നീക്കങ്ങൾക്കു തുടക്കമിടാൻ കൂടിയാണ് കെജ്രിവാളിൻറെ നീക്കം.